
സുൽത്താൻബത്തേരി: ഇസ്രയേലിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യക്കുപിന്നിൽ ബ്ലേഡ് മാഫിയക്ക് പങ്കെന്ന് ആരോപിച്ച് കുടുബം. രേഷ്മയുടെ അമ്മ ഷൈലയാണ് ബത്തേരി പോലീസിൽ ഇതുസംബന്ധിച്ച് പരാതിനൽകിയത്.
പരാതിയിൽ പറയുന്നത്: രേഷ്മയുടെ ഭർത്താവ് പഴുപ്പത്തൂർ സ്വദേശി പെലക്കുത്ത് ജിനേഷ് സുകുമാരൻ കഴിഞ്ഞ ജൂലായ് നാലിന് ഇസ്രയേലിൽ മരണപ്പെട്ടു. മരണവിവരങ്ങളൊന്നും ഇതുവരെ വെളിവായിട്ടില്ല. ഇതിനുപിന്നാലെ ഡിസംബർ 30-ന് മകൾ രേഷ്മയും ആത്മഹത്യചെയ്തു. മെഡിക്കൽ മേഖലയിൽ ജോലിചെയ്തിരുന്ന ജിനേഷ് കൊറോണക്കാലത്ത് കടുത്ത സാമ്പത്തികബാധ്യതയുണ്ടായതിനെത്തുടർന്ന് പഴുപ്പത്തൂർ സ്വദേശികളായ സഹോദരന്മാരിൽനിന്ന് അഞ്ചുശതമാനം പലിശയിൽ 20 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. വ്യവസ്ഥയ്ക്കുവിധേയമായി നാല് ബ്ലാങ്ക് ചെക്ക്‌ലീഫുകളും സ്റ്റാമ്പ് പേപ്പറുകളുമടക്കം സെക്യൂരിറ്റിയായി നൽകി. തുടർന്ന് 14,76,961 രൂപ ഇവർ നിർദേശിച്ച ചുള്ളിയോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകി. ബാക്കിതുകയും പലിശയുംചേർത്ത് പലതവണയായി നൽകിയതായും ജിനേഷ് പറഞ്ഞിട്ടുണ്ട്.
പിന്നീട് ചുള്ളിയോട് സ്വദേശി തനിക്ക് പണംകിട്ടാനുണ്ടെന്ന് പരാതിപ്പെട്ട് ജിനേഷിന്റെപേരിൽ 20 ലക്ഷം രൂപയുടെ ചെക്കുപയോഗിച്ച് എറണാകുളത്ത് കേസ് ഫയൽചെയ്തു. പഴുപ്പുത്തൂർ സ്വദേശികളിലൊരാൾ മറ്റൊരുചെക്ക് ഉപയോഗിച്ച് 20 ലക്ഷം രൂപയ്ക്ക് ബത്തേരി കോടതിയിലും കേസ് ഫയൽചെയ്തു. കൂടാതെ ജിനേഷിന്റെപേരിൽ കോളിയാടിയിലുണ്ടായിരുന്ന വീട് അന്യായം ഫയൽചെയ്ത് അറ്റാച്ച്ചെയ്ത് വെച്ചിരിക്കുകയുമാണ്.
തന്റെയും പത്തുവയസ്സുള്ള മകളുടെയും ഏക ആശ്രയമായ വീട് നഷ്ടമായതിന്റെ മാനസികവിഷമത്തിലായിരുന്നു രേഷ്മ. ഒപ്പം പണംനൽകിയ സംഘത്തിന്റെ ഇടപെടലും ഭീഷണിയുംകാരണമാണ് മകൾ രേഷ്മ ആത്മഹത്യചെയ്തത്. അതിനുമുൻപ് ചില നമ്പറുകളിൽനിന്ന് വിളിച്ചും ആളുകളെവിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പത്തുവയസ്സുള്ള മകളെ അപായപ്പെടുത്തുമെന്നും പേടിയുണ്ടായിരുന്നു. കടബാധ്യതമൂലം ജിനേഷ് വിദേശത്തേക്കുപോകുന്നതിന് മുൻപും ഈ സംഘം ബീനാച്ചിയിൽവെച്ച് ജിനേഷിന്റെ കാർ തടഞ്ഞുനിർത്തി ഇരുവരെയും മർദിച്ചതായും രേഷ്മ പറഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് പോകേണ്ടതിനാൽ കേസൊഴിവാക്കാനാണ് ശ്രമിച്ചത്. ജിനേഷിനെ ബീനാച്ചിയിലെ ഒരു വീട്ടിൽ തടഞ്ഞുവെച്ച് രേഖകൾ ഒപ്പിട്ടുവാങ്ങുകയും പലസ്ഥലത്തുവെച്ചും മർദിക്കുകയുംചെയ്തു.
കളവായി കേസുകൊടുത്തതിനും മാനസികമായി ഭീഷണിപ്പെടുത്തിയതിനും ജിനേഷിന്റെ മരണശേഷം 2025 ഓഗസ്റ്റ് 27-ന് രേഷ്മ പോലീസിൽ പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല. 2025 ജനുവരി എട്ടിന് ജിനേഷ് പോലീസിൽനൽകിയ പരാതിയും പോലീസ് അവഗണിച്ചു. തുടർന്നാണ് രണ്ട് ആത്മഹത്യയും നടന്നത്. ബ്ലേഡ് മാഫിയാസംഘം പ്രദേശത്ത് വ്യാപകമായി പണം കൊള്ളപ്പലിശയ്ക്കുകൊടുക്കുകയും അതുവഴി ധാരാളംപേർ കടുത്ത സാമ്പത്തികക്കെടുതിയിൽ അകപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
രേഷ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് നൂൽപ്പുഴ സ്റ്റേഷനിലായതിനാൽ ബത്തേരിയിൽ നൽകിയ പരാതി അവിടേക്കുമാറ്റി. ഇതിന്റെയടിസ്ഥാനത്തിൽ ആരോപണവിധേയരായ ഒരാൾ സ്ഥലത്തില്ലെന്നും മറ്റൊരാളെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ടെന്നും നൂൽപ്പുഴ പോലീസ് പറഞ്ഞു.
ഇസ്രയേലിൽ കെയർഗിവറായി ജോലിചെയ്യുകയായിരുന്ന ജിനേഷിനെയും വീട്ടുടമയായ വയോധികയെയുമാണ് അഞ്ചുമാസം മുൻപ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീയെ കുത്തേറ്റനിലയിലും ജിനേഷിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടത്. ഇരുവരെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നതൊന്നും വ്യക്തമായിരുന്നില്ല.
Content Highlights: Family alleges blade mafia involvement in the suicides of a couple in Sulthan Bathery, Kerala. Husband died in Israel, wife followed suit after financial harassment.
Published: 12 Jan 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented