
ന്യൂഡല്‍ഹി: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ മന്ത്രി കെ.ടി.ജലീൽ നടത്തിയ ആരോപണത്തെ തുടർന്ന് സജീവമായ മലപ്പുറത്തെ എ.ആര്‍. നഗര്‍ സഹകരണബാങ്ക് വിഷയത്തില്‍ കേന്ദ്രസർക്കാരിന്റെ ഇടപെടല്‍ തേടി ബിജെപി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു. ലാവ്‌ലിന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.
'കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു എന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടയുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.'-എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു.
നേരത്തെ, എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇ.ഡി.ക്ക് പരാതിയും തെളിവും നല്‍കിയ കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗതെത്തിയിരുന്നു. ഇവിടെ അന്വേഷണം നടക്കുമ്പോള്‍ സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ് ജലീല്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കെ.ടി. ജലീല്‍, ഇ.ഡി. ചോദ്യംചെയ്തയാളാണല്ലോ? ആ ചോദ്യംചെയ്യലോടെ ഇ.ഡി.യില്‍ കുറേക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്' -മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതെന്തെന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും സി.പി. എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും നേരത്തെ ബാങ്ക് വിഷയത്തിൽ ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടിയിക്കാന്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ശ്രമം ആരംഭിച്ചത്.
Content Highlights: A.P. Abdullakutty AR Nagar Co-op Bank scam, BJP, K.T.Jaleel
Published: 08 Sept 2021, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented