തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്​സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസാണ് വയനാട് ലോക്​സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. പാർട്ടി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും. ചേലക്കരയിൽ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്.

To advertise here,

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരൻ ഷാഫി പറമ്പിലിന് പിറകിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്​സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് വിട്ടുവന്ന പി.സരിൻ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു.

സോഫ്റ്റ്​വെയർ എഞ്ചിനീയറായാ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽ നിന്നുള്ള കൗൺസിലറാണ്. നിലവിൽ കൗൺസിൽ പാർട്ടി നേതാവും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ചിരുന്നു. രാഹുൽ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തിൽ സഹോദരി പ്രിയങ്കയാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ എം. എൽ. എ. സത്യൻ മൊകേരിയാണ് സി.പി.ഐ Iസ്ഥാനാർഥി.