കൊച്ചി: '19-ാം നിലയിലാണ് ഓഫീസ്. കെട്ടിടം കുലുങ്ങി വിറച്ചപ്പോള്‍ എമര്‍ജന്‍സി എക്സിറ്റ് വഴി താഴേക്കോടി രക്ഷപ്പെടുകയായിരുന്നു. ചില കെട്ടിടങ്ങളില്‍ വിള്ളലുകള്‍ വീണതല്ലാതെ മറ്റ് പ്രശ്നങ്ങളില്ല.' വെള്ളിയാഴ്ച ബാങ്കോക്കിലുണ്ടായ ഭൂകമ്പത്തെക്കുറിച്ചാണ് മലയാളിയായ വിനീത് ആന്‍ഡ്രുവിന്റെ വാക്കുകള്‍. 

To advertise here,

കേരളത്തില്‍നിന്ന് തായ്ലാന്‍ഡിലെത്തുന്ന മലയാളി സഞ്ചാരികളെ കൈകാര്യം ചെയ്യുന്ന മാജി ഹോളിഡേയ്സ് ഉടമയാണ് വിനീത്. എറണാകുളം വൈപ്പിന്‍കാരനാണെങ്കിലും കുടുംബസമേതം 16 വര്‍ഷമായി തായ്ലാന്‍ഡിലാണ്.

വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പം ആകെയൊന്ന് ആശങ്കപ്പെടുത്തിയെങ്കിലും ടൂറിസം മേഖലയെയോ അങ്ങോട്ടേക്കെത്തിയ മലയാളികളെയോ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിനീത് പറയുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമാണ് ബഹുനില കെട്ടിടങ്ങള്‍ നിറഞ്ഞ ബാങ്കോക്കില്‍ പ്രകമ്പനങ്ങളുണ്ടായത്. വിനോദ സഞ്ചാരികളടക്കം റോഡിലേക്കിറങ്ങിയതോടെ ഗതാഗതതടസ്സമുണ്ടായി. 

എന്നാല്‍, മൂന്ന് മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ പഴയപടിയായി. റോഡുകളും മെട്രോകളും സജീവമായി. വിനോദ സഞ്ചാരകേന്ദ്രങ്ങളും അന്നേദിവസം തന്നെ തുടര്‍ന്ന് പ്രവര്‍ത്തിച്ചു. വിമാനത്താവളങ്ങള്‍ ഒരു മണിക്കൂറോളം മാത്രമാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 

ഭൂകമ്പത്തില്‍ വിള്ളലുകളുണ്ടായ കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് തൊട്ടടുത്തുള്ള ഹോട്ടലുകളിലും പാര്‍ക്കുകളിലും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി. രാത്രി പതിനൊന്ന് മണിയോടെ അപകടസാധ്യത ഒഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ടെലിവിഷന്‍ സന്ദേശമെത്തിയതോടെ എല്ലാവരും താമസസ്ഥലത്തേക്ക് മടങ്ങി- വിനീത് പറഞ്ഞു. ആശങ്കയൊഴിഞ്ഞതോടെ ശനിയാഴ്ച നൂറോളം മലയാളികള്‍ തന്റെ ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനം വഴി തായ്ലാന്‍ഡിലേക്കെത്തിയതായും വിനീത് പറഞ്ഞു.