കൊച്ചി: കടന്നുപോയ വഴിത്താരകളിലെല്ലാം മിഴി നിറഞ്ഞ് പ്രാർഥനയോടെ കേരളം ആ കുഞ്ഞിനെ യാത്രയാക്കി. വിടപറയും മുൻപേ നാലുപേർക്ക് പുതുജീവിതമേകി പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ മനസ്സിലെ നിത്യനക്ഷത്രമായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി.

To advertise here,

ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്ന ആലിൻ പിന്നെ ഉണർന്നതേയില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ്, മാതാപിതാക്കളായ മല്ലപ്പിള്ളി അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്.

വെള്ളിയാഴ്ച രാത്രി ഇടപ്പള്ളി അമൃത ആശുപത്രിയിൽ നിന്ന് ആലിന്റെ അവയവങ്ങൾ റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പോലീസ് ഇടപെട്ട് യാത്ര സുഗമമാക്കി. വൈകീട്ട് 7.15-ഓടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് 10.15-ഓടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി.

സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ആലിന്റെ ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും കിഡ്നി മെഡിക്കൽ കോളേജിലേക്കുമാണ് എത്തിക്കുന്നത്. കണ്ണുകൾ നേത്ര ബാങ്കിന് കൈമാറും. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കരൾ മാറ്റിവെക്കുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പത്ത് വയസ്സുള്ള പെൺകുട്ടിക്കാണ് വൃക്കകൾ നൽകുന്നത്.