പാലക്കാട്: ഗുരുവായൂർ ദേവസ്വം ചെയർമാൻസ്ഥാനം കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന് മുൻ എം.എൽ.എ. എ.വി. ഗോപിനാഥ്. മനസ്സിന് ഏറ്റവും സംതൃപ്തി നൽകുന്ന സ്ഥാനമാണിത്. ഇത്രയും സന്തോഷകരമായ വാർത്ത പൊതുജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ലെന്നും ഇനി കേൾക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഞായറാഴ്ച രാവിലെ ഗുരുവായൂരിലെത്തി 9.30-നും 11-നും ഇടയിലായി സത്യപ്രതിജ്ഞ ചെയ്യും. താൻ ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനാണ്. സ്ഥാനത്തിനുവേണ്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം തന്നിലേക്കു വന്നുചേർന്നതാണ്. മുഖ്യമന്ത്രിയെ കണ്ടപ്പോഴും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല- എ.വി. ഗോപിനാഥ് പറഞ്ഞു. 'നീ ഇനി പെരിങ്ങോട്ടുകുറുശ്ശിയിൽ നിൽക്കേണ്ട, അങ്ങോട്ടു വന്നോ' എന്ന് ഗുരുവായൂരപ്പൻ തന്നോടു പറഞ്ഞുവെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

ഒറ്റദിവസം കൊണ്ട് അവിടെ മാറ്റങ്ങൾ വരുത്താനാകില്ല. കാര്യങ്ങൾ പഠിച്ച് ചെയ്യാൻ നോക്കും. ഭക്തർക്ക് മനസ്സുനിറഞ്ഞു തൊഴാനുള്ള അവസരമുണ്ടാക്കാനായിരിക്കും ശ്രമം. മുൻ കോൺഗ്രസ് നേതാവായ എ.വി. ഗോപിനാഥ് തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ സി.പി.എമ്മുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും ബമ്മണൂർ വാർഡിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് സി.പി.എം. പ്രാേദശിക നേതൃത്വത്തിനെതിരേ ശക്തമായി രംഗത്തെത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെത്തിയപ്പോൾ എ.വി. ഗോപിനാഥ് അദ്ദേഹത്തെ കണ്ടിരുന്നു.