തിരുവനന്തപുരം: സമീപകാലകേരളം കണ്ട സഹനസമരത്തിന്റെ സാക്ഷ്യമാവുകയാണ് സെക്രട്ടേറിയറ്റ് നട. ഭരണസിരാകേന്ദ്രത്തിന്റെ പടിവാതില്ക്കല് നീതിക്കായി മുറവിളിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍. തൊണ്ടപൊട്ടി മുദ്രാവാക്യംമുഴക്കിയും പട്ടിണികിടന്നും മഴയില്‍ക്കുതിര്‍ന്നും വെയിലില്‍ തളര്‍ന്നുമൊക്കെ സമരചരിത്രത്തിലെ കനലായി കത്തുന്നവര്‍.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്പതാംദിവസത്തിലേക്കുകടക്കും. പ്രക്ഷോഭത്തോട് മുഖംതിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടംമാത്രമാണ് ചര്‍ച്ചനടന്നത്.
ഭരണകക്ഷിനേതാക്കള്‍ പഴിയും പരിഹാസവും ആവര്‍ത്തിക്കുമ്പോഴും സമരപാതയില്‍ കാലുറച്ചുനില്ക്കുകയാണവര്. ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാന്‍ സ്വന്തം മുടിമുറിച്ചുള്ള പ്രതിഷേധമായിരിക്കും 50-ാം ദിനത്തില്‍ നടക്കുക. കേരളത്തിലുള്ളത് 26,448 ആശപ്രവര്‍ത്തകര്‍. അവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത് മാസം 7000 രൂപ ഓണറേറിയം. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3000 രൂപ.
ടെലിഫോണ്‍ അലവന്‍സ് 200 രൂപ. ഓരോപദ്ധതിയിലെയും പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്നത് 3000 രൂപ. ഇങ്ങനെ, ആശമാര്‍ക്ക് ഒരുമാസത്തെ പ്രതിഫലം 13,200 രൂപ. സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന 7000 രൂപ ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെത്തുടര്‍ന്ന് അതൊഴിവാക്കി.
സമരംചെയ്യാനും തുടരാനും അവകാശം
ജനാധിപത്യപരമായി സമരം ചെയ്യാനും അതു തുടരാനും എല്ലാവര്ക്കും അവകാശമുണ്ട്. അതിനെ തള്ളിപ്പറയാന്‍ ഞങ്ങളില്ല. ആശവര്‍ക്കര്‍മാരുമായി രണ്ടുതവണ നടത്തിയ ചര്‍ച്ചയില്‍ എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. എസ്യുസിഐ, അല്ലെങ്കില്‍ മഴവില്സഖ്യത്തിലുള്ള സംഘടനകള്‍ സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍, ആനുകൂല്യങ്ങള്‍ നല്കിയാല് സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയ്ക്കിടയിലും ആശപ്രവര്‍ത്തകര്‍ക്ക് നല്ലവരുമാനം കിട്ടത്തക്കവിധം സംവിധാനമൊരുക്കും. കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തില്‍ വിമര്‍ശനമില്ല.
-എം.വി. ഗോവിന്ദന്, സിപിഎം സംസ്ഥാന സെക്രട്ടറി
അവഗണന ക്രൂരം
സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണന ക്രൂരമാണ്. കേരളത്തിലെക്കാള്‍ വേതനക്കുറവുള്ള സ്ത്രീകള്‍ മറ്റുസംസ്ഥാനങ്ങളില്‍ ദുരിതജീവിതം നയിക്കുന്നുവെന്ന താരതമ്യക്കണക്കുപറഞ്ഞ് വേതനക്കുറവിനെ ന്യായീകരിക്കുന്ന മന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. അനാവശ്യമായ ദുരഭിമാനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നത്. സമരത്തെ പിന്തുണയ്ക്കുന്നുവെന്നു വരുത്തുന്ന ബിജെപി നേതാക്കള്‍ ആത്മാര്‍ഥമായി ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടോയെന്ന് പരിശോധിക്കണം. കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കും യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളെ മാതൃകയാക്കാം.
-കെ. സുധാകരന്, കെപിസിസി പ്രസിഡന്റ്
ഇച്ഛാശക്തിയുണ്ടെങ്കില്‍ തീരാവുന്ന പ്രശ്നം
സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ സമരം എളുപ്പത്തില്‍ പരിഹരിക്കാം. കേന്ദ്രം ഫണ്ട് നല്‍കിയില്ലെന്നു പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്വന്തം പോരായ്മകള്‍ മറച്ചുവെക്കാനുള്ള കുറ്റപ്പെടുത്തല്മാത്രമാണത്. ആശമാരുടെ പരാതികള്‍ കേള്‍ക്കാനും എത്രയും വേഗം പരിഹരിക്കാനും അടിസ്ഥാന മര്യാദ കാണിക്കണമെന്നാണ് മുഖ്യമന്ത്രിയോടുള്ള അഭ്യര്‍ഥന. സാധ്യമായ എല്ലാപിന്തുണയും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.
-രാജീവ് ചന്ദ്രശേഖര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്

അവഗണിച്ച് തീര്‍ക്കാന്‍ സര്‍ക്കാര്‍
ആശവര്‍ക്കര്‍മാര്‍ക്ക് ഏറ്റവുമധികം ആനുകൂല്യം കേരളത്തിലാണെന്നിരിക്കേ, കേന്ദ്രത്തെ പഴിക്കാതെയുള്ള ആശമാരുടെ പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം വിമര്‍ശനം. സമരത്തെ ഗൗരവമായെടുത്താല്‍ രാഷ്ട്രീയവും ഭരണപരവുമായി തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാറിന്റെ ഈ നിസ്സംഗസമീപനം.
സെക്രട്ടേറിയറ്റ് പടിക്കല്‍ 63 ദിവസം പ്രതിഷേധിച്ച പോലീസ് റാങ്ക് ഹോള്‍ഡര്‍മാര്‍ റാങ്ക്പട്ടിക കാലഹരണപ്പെട്ടപ്പോള്‍ സമരം നിര്‍ത്തിയിരുന്നു. സമാനമായി ആശവര്‍ക്കര്‍മാരും എഴുന്നേറ്റുപോവുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
തൊഴിലാളിപക്ഷത്ത് നില്ക്കുന്ന സിപിഎം സര്‍ക്കാറിന്റെ ഈ സമീപനം പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. അമ്പതുദിവസത്തിനിടെ രണ്ടുതവണ ആരോഗ്യമന്ത്രിയെക്കൊണ്ട് ചര്‍ച്ച നടത്തി സര്‍ക്കാര്‍ ആ വിമര്‍ശനവും മറികടന്നു. കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്ന് സമരക്കാരോടുള്ള മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി സര്‍ക്കാറിന്റെ ആത്മാര്ഥതക്കുറവിന്റെ തെളിവായി. പ്രതിഫല-ആനുകൂല്യങ്ങള്‍ കൂട്ടേണ്ടതില് തീരുമാനമെടുക്കേണ്ട ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചര്‍ച്ചകളിലൊന്നും പങ്കെടുത്തില്ല.
സമരത്തില്‍ എസ്യുസിഐയുടെ നേതൃത്വവും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും അകമഴിഞ്ഞ പിന്തുണയുമാണ് സിപിഎമ്മിനെയും സര്‍ക്കാറിനെയും പ്രകോപിപ്പിക്കുന്നത്. തദ്ദേശ-സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കേ, സമരത്തെ ഭരണവിരുദ്ധവികാരം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമായി കരുതുകയാണ് സിപിഎം.
ആവശ്യങ്ങള്‍ നിരസിക്കാന്‍ സാമ്പത്തികപ്രതിസന്ധിയും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേ സര്‍ക്കാര്‍തന്നെ അങ്കണവാടിജീവനക്കാരുടെ പെന്‍ഷനും ഉത്സവബത്തയും കൂട്ടാന്‍ പ്രത്യേകസമിതിയെ നിയമിക്കാന്‍ തയ്യാറായി. അങ്കണവാടിസമരക്കാരുമായുള്ള ചര്‍ച്ചയില്‍ മന്ത്രി വീണയ്ക്കൊപ്പം ധനമന്ത്രിയും പങ്കെടുത്തു. സാമ്പത്തികപ്രതിസന്ധി പറയുന്ന സര്‍ക്കാര്‍, പിഎസ്സി അംഗങ്ങളുടെ ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിച്ചത് ഇരട്ടത്താപ്പ് വ്യക്തമാക്കി.
നിയമസഭയുടെ ബജറ്റ്സമ്മേളനത്തില്‍ സബ്മിഷനായും ചോദ്യങ്ങളായും പലവട്ടം ആശമാരുടെ ദുരിതം ഉന്നയിക്കപ്പെട്ടു. ഇങ്ങനെ, സര്‍ക്കാറിന്റെ പിടിവാശി പലനിലയില്‍ ചോദ്യംചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയത്തിലുടക്കി വഴിമുട്ടിനില്‍ക്കുകയാണ് പ്രശ്നപരിഹാരം.
ആശമാരുടെ ആവശ്യം
സംസ്ഥാനസര്‍ക്കാരിനോട്
- ഓണറേറിയം വര്‍ധിപ്പിക്കണം. ഇപ്പോള്‍ ദിവസം ?232. 700 രൂപയാക്കണം
- വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം
- പെന്ഷന് ഏര്‍പ്പെടുത്തണം
കേന്ദ്രസര്‍ക്കാരിനോട്
- ആശവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണം
- തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം ഉറപ്പാക്കണം
- സ്ഥിരം ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം
സര്‍ക്കാര്‍ വാദങ്ങള്‍
കേന്ദ്രം
•സംസ്ഥാനത്തിന് മതിയായ പണം അനുവദിച്ചിട്ടുണ്ട്
•സ്ഥിരം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും
•തുക ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി രണ്ടുതവണ പറഞ്ഞു(എപ്പോള്‍ ഉയര്‍ത്തുമെന്നോ എത്രയെന്നോ വ്യക്തമാക്കിയിട്ടില്ല)
•തൊഴിലാളികളായി അംഗീകരിക്കുന്നതില്‍ മൗനം
സംസ്ഥാനം
•2007-ല്‍ പ്രഖ്യാപിച്ച 500 രൂപ ഉത്സവബത്തയാണ് ആശമാര്‍ക്കു ലഭിച്ച ആദ്യപ്രതിഫലം
•2011-ലെ ബജറ്റില്‍ വി.എസ്. സര്‍ക്കാര്‍ ആദ്യമായി 300 രൂപ ഓണറേറിയം പ്രഖ്യാപിച്ചു.
•ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ആദ്യം 500ഉം പിന്നീട് ആയിരവുമാക്കി
•2007-2016 കാലയളവില്‍ ആയിരം രൂപ ഓണറേറിയം. 2016 മുതല്‍ 7000
•ഇന്‍സെന്റീവ് കൂട്ടേണ്ടത് കേന്ദ്രസര്‍ക്കാര്‍. തൊഴിലാളികളായി അംഗീകരിക്കേണ്ടതും കേന്ദ്രം
Content Highlights: Kerala ASHA workers stage a 50-day protest demanding better wages and working conditions
Published: 31 Mar 2025, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented