ബാപ്പ എന്റെ പാഠശാലയാണ്. ഒരുപാടുമൂല്യങ്ങൾ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹ്‌മാൻസാഹിബിന്റെ ജീവചരിത്രം ആറാംക്ലാസിൽ പഠിക്കുമ്പോൾ വായിക്കാൻതന്നതാണ് ആ പാഠശാലയിലെ ആദ്യപാഠം. ദേശത്തോടുള്ള കൂറും മതനിരപേക്ഷതയും തുടങ്ങി വ്യക്തിയെന്ന നിലയ്ക്കും പൊതുപ്രവർത്തകനെന്ന നിലയ്ക്കും അനിവാര്യമായ മൂല്യങ്ങൾ അറിഞ്ഞുതുടങ്ങിയത് ആ വായനയിലൂടെയാണ്. ഒന്നാംക്ലാസിൽവെച്ചുതന്നെ പത്രവായന വല്യുമ്മായ്ക്കുവേണ്ടി തുടങ്ങിയിരുന്നെങ്കിലും പുസ്തകവായനയിലേക്ക് ഗൗരവമായി കടക്കുന്നത് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ ജീവിതകഥയിലൂടെയാണ്.

To advertise here,

ധീരനായ ഒരു വിപ്ലവകാരിയും ബാപ്പയിൽ ഉണ്ടായിരുന്നു. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്ന കാലത്ത് ആണുങ്ങളെല്ലാം മൊട്ടയടിക്കണമെന്ന കാരണവരുടെ തീരുമാനത്തിനെതിരേ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ഉറച്ച നിലപാടെടുത്തയാളാണ് ബാപ്പ. മൊട്ടയടിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു അദ്ദേഹം. തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ചിലർക്ക് അപ്രിയമാണെന്നുതോന്നിയാലും വിളിച്ചുപറയാനുള്ള തന്റേടമാർന്ന ശൈലി അന്നേ രൂപപ്പെട്ടുതുടങ്ങിയിരുന്നു.

‘പാഠം ഒന്ന് ഒരുവിലാപം’ എന്ന എന്റെ സിനിമ പുറത്തിറങ്ങിയപ്പോൾ നേരിടേണ്ടിവന്ന ഭീഷണികളെ നേരിടുന്നതിൽ ബാപ്പ ഊർജമായി.

എന്നാൽ പുരോഗമനപരമായ നിലപാടുകളെടുക്കുമ്പോൾത്തന്നെ വിശ്വാസിതന്നെയായിരുന്നു അദ്ദേഹം എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്. ഞങ്ങൾ പള്ളിയിൽപ്പോകുന്നത് അദ്ദേഹത്തിനും ഇഷ്ടമുള്ള കാര്യമായിരുന്നു. യാഥാസ്ഥികത്വത്തോടുമാത്രമായിരുന്നു എതിർപ്പ്. സിനിമകളെടുക്കുമ്പോൾ മറ്റുള്ളവരെ മുറിപ്പെടുത്താതെ വേണം വിമർശനങ്ങൾ അവതരിപ്പിക്കാൻ എന്ന് നിഷ്കർഷിച്ചിരുന്നു.

കാറോ യാത്രാസൗകര്യങ്ങളോ കുറഞ്ഞകാലത്താണ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ ബാപ്പ ശ്രദ്ധിക്കപ്പെടുന്നത്. സാധാരണക്കാരോടും തൊഴിലാളികളോടുമുള്ള സഹാനുഭൂതിയുടെ ഭാഗമായിരുന്നു കഷ്ടപ്പെട്ട് യാത്രചെയ്ത് അവരോടൊപ്പം താമസിച്ചുള്ള ട്രേഡ്‌യൂണിയൻ പ്രവർത്തനം. ജീവിതത്തിലൂടനീളം മനുഷ്യരെ സേവിക്കുന്ന കർമം തുടർന്നു. എന്നെ എൻജിനീയറാക്കണമെന്നായിരുന്നു ആഗ്രഹം.

രാഷ്ട്രീയത്തിൽ ഞാൻവരുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ രാഷ്ട്രീയം തിരഞ്ഞെടുത്തപ്പോൾ എതിർത്തില്ല. രാഷ്ടീയം ജീവനോപാധിയാക്കരുതെന്ന് ഓർമിപ്പിച്ചു. അതും വിലപ്പെട്ട മറ്റൊരു പാഠമായിരുന്നു.