കണ്ണൂർ: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. പിണറായിലെ സ്കൂൾ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ നിന്നാണ് കളക്ടർ വിട്ടുനിന്നത്. 

To advertise here,

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും കളക്ടർ അരുൺ കെ. വിജയനും നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പരിപാടിയായിരുന്നു പിണറായിലേത്. ലിസ്റ്റിൽ ഇരുവരുടേയും പേരുമുണ്ടായിരുന്നു. പി.പി. ദിവ്യ നിലവിൽ ഒളിവിലാണ്. 

ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപങ്ങളുണ്ട്. ദിവ്യയെ പ്രതി ചേര്‍ത്ത് മൂന്ന് ദിവസം പിന്നിട്ടിട്ടും അവര്‍ എവിടെയാണെന്ന് പോലും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സാവകാശമാണ് പോലീസ് നല്‍കുന്നതെന്നാണ് ആരോപണങ്ങള്‍.

അതേസമയം, ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിൽ വെച്ച് കളക്ടറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചുള്ള ചര്‍ച്ച 20 മിനിറ്റിലേറെ നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. കളക്ടറുടെ മൊഴി രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.