അരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുത്ത് പോലീസ്. ഡ്രൈവറായ രാജേഷിന്റെ മരണത്തില്‍ നിര്‍മാണ കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാണത്തിലെ വീഴ്ച വ്യക്തമാക്കി ജാമ്യമില്ലാ കുറ്റംചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

To advertise here,

കരാര്‍ കമ്പനിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയാണ് ചുമത്തിയിട്ടുള്ളത്. ഇത് ജാമ്യമില്ലാത്ത വകുപ്പായതുകൊണ്ട് അറസ്റ്റിലായാല്‍ പ്രതികള്‍ റിമാന്‍ഡിലാകും. കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങാം.

കരാര്‍ കമ്പനിക്ക് സംഭവിച്ചിട്ടുള്ള എല്ലാ പാളിച്ചകളും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ തൂണുകള്‍ക്ക് മുകളില്‍ ബീമുകള്‍ കയറ്റിയാല്‍, സ്വാഭാവികമായും അത് താഴെ വീഴാനുള്ള സാധ്യതയും അപകടം ഉണ്ടാകാനുള്ള സാധ്യതയും പ്രതികള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളോ ട്രാഫിക് നിയന്ത്രണങ്ങളോ ഏർപ്പെടുത്താതെ ഇവിടെ ഗര്‍ഡര്‍ കയറ്റുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച പുലര്‍ത്തെ 2.30-ഓടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂരില്‍ ടോള്‍ പ്ലാസ വരുന്ന ഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍നിന്ന് തെന്നിമാറി താഴേക്ക് വീണാണ് അപകടമുണ്ടായത്. റോഡിലൂടെ പോകുകയായിരുന്ന പിക്കപ്പ് വാനിന്‍റെ മുകളിലേക്കാണ് ഇത് പതിച്ചത്. ഡ്രൈവര്‍ ഇരുന്ന കാബിന്റെ മുകളിലേക്ക് ഗര്‍ഡറുകള്‍ പതിക്കുകയും പിക്കപ്പ് വാന്‍ പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.

'കുടുംബം പോറ്റാന്‍ വേണ്ടി എല്ലാ ജോലികളും ചെയ്തിരുന്ന ആളാണ് രാജേഷ്. രണ്ട് മക്കളാണുള്ളത്. രണ്ടുപേരും പഠിക്കുകയാണ്. മകള്‍ പ്രമേഹരോഗിയാണ്, സ്ഥിരമായി അതിന്റെ മരുന്ന് കഴിക്കുന്നയാളാണ്. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുന്ന വ്യക്തിയായിരുന്നു രാജേഷ്', രാജേഷ് ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ പറയുന്നു. രാജേഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നു.