കോഴിക്കോട്: അർജുന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ മകൻ അയാന്റെ കരച്ചിൽ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. അയാനായിരുന്നു ചിത കൊളുത്തേണ്ടിയിരുന്നത്. അതിനുവേണ്ടി പുറത്തേക്കു കൊണ്ടുവന്നപ്പോൾ അയാൻ വാവിട്ടുകരയുകയായിരുന്നു. അതോടെ, അന്തരീക്ഷമാകെ മാറി.

To advertise here,

പലരുടേയും കണ്ണുകൾ നിറഞ്ഞു. ഒടുവിൽ അർജുന്റെ സഹോദരീഭർത്താവ് ജിതിന് അയാനെ എടുത്ത്‌ അമ്മ കൃഷ്ണപ്രിയക്ക് കൈമാറേണ്ടിവന്നു. പിന്നീട് സംസ്കാരച്ചടങ്ങുകൾ തീരുംവരെ അയാൻ വിതുമ്പിക്കരഞ്ഞ് അമ്മയുടെ നെഞ്ചിൽ ചാഞ്ഞുകിടക്കുകയായിരുന്നു.

ഇതോടെ, അർജുന്റെ സഹോദരൻ അഭിജിത്താണ് ചിതകൊളുത്തിയത്. പൊതുദർശനത്തിനിടെ കുട്ടിയെ കൊണ്ടുവന്നപ്പോഴും അയാന്റെ കരച്ചിൽ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി. അകത്ത് ബന്ധുക്കൾ കാണുന്നതിനിടെ കൈയിൽ കളിപ്പാട്ടവുമായി രണ്ടരവയസ്സുകാരനായ അയാൻ എത്തിയതും ഉള്ളുപൊള്ളിക്കുന്ന കാഴ്ചയായിരുന്നു. അർജുന്റെ മൃതദേഹത്തിനൊപ്പം അയാന്റെ പ്രിയപ്പെട്ട കളിപ്പാട്ടമായ കുഞ്ഞുലോറിയും ഷിരൂരിൽനിന്ന് കൊണ്ടുവന്നിരുന്നു.