തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും മന്ത്രിമാരാവും.

To advertise here,

വകുപ്പിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഗണേഷ്‌കുമാറിനും നല്‍കാനാണ് എല്ലാ സാധ്യതയും.

മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നവരുടെ സത്യപ്രതിജ്ഞ 29-ന് നടത്തിയേക്കും. അനൗദ്യോഗികമായി ഇക്കാര്യം അറിയിച്ച സാഹചര്യത്തില്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഡല്‍ഹിക്കുപോയ ഗവര്‍ണര്‍  28-ന് മടങ്ങിയെത്തും.

ഞായറാഴ്ച ചേരുന്ന ഇടതുമുന്നണി യോഗമാവും രാജി സ്വീകരിച്ച് പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് ഇരുമന്ത്രിമാരും പ്രതികരിച്ചു.

നവകേരളസദസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടരവര്‍ഷമെന്ന ധാരണ കാലാവധി പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടി കെ.ബി. ഗണേഷ്‌കുമാര്‍ എല്‍.ഡി.എഫിന് കത്ത് കൈമാറിയിരുന്നു. സദസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത അറിയിച്ചുവെന്ന് ആന്‍ണി രാജുവും വ്യക്തമാക്കി. സദ്ദസ് പൂര്‍ത്തിയായിട്ട് സത്യപ്രതിജ്ഞയാകാം എന്ന ധാരണപ്രകാരമാണ്‌ മന്ത്രിസഭാ പുനഃസംഘടന നീട്ടിയത്.