പത്തനംതിട്ട: കടുത്ത ചൂടുകൊണ്ട് അങ്കണവാടിയിലേക്കുവരാൻ കഴിയാത്ത കുട്ടികൾക്ക് വീടുകളിൽ പാലും മുട്ടയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി അങ്കണവാടി ടീച്ചർമാർ കുട്ടികളുടെ വീടുകളിലെത്തി അവർക്ക് പാലും മുട്ടയും നൽകേണ്ട രീതിയും അളവും രക്ഷാകർത്താക്കൾക്ക് വിശദമാക്കിക്കൊടുക്കണം. ഐ.സി.ഡി.എസ്. ഒാഫീസർമാർ ഇതിന് നിർദേശം നൽകുകയും വേണം.

To advertise here,

വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിലാണ് അങ്കണവാടി വർക്കർമാർക്കും െഎ.സി.ഡി.എസ്. ഒാഫീസർമാർക്കുമായി നിർദേശം നൽകിയിരിക്കുന്നത്. അങ്കണവാടി ടീച്ചറാണ് അങ്കണവാടി വർക്കർ എന്ന് അറിയപ്പെടുന്നത്.

കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് രക്ഷാകർത്താക്കളെ നിർബന്ധിക്കാൻ പാടില്ല. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം എത്തുന്ന കുട്ടികൾക്ക് നിലവിൽ നൽകുന്ന പ്രീ-സ്കൂൾ പഠനസൗകര്യവും പോഷകാഹാരവും നൽകണം. അങ്കണവാടിയിൽനിന്നാണ് വീടുകളിൽ പാലും മുട്ടയും എത്തിക്കേണ്ടതും.

അരലിറ്ററുള്ള ഒരുപായ്ക്കറ്റ് കവർപാലാണ് ആഴ്ചയിൽ നൽകേണ്ടത്. ഒരുദിവസം 125 മില്ലീലിറ്റർ എന്നാണ് കണക്ക്. ബാക്കിവരുന്ന പാൽ തൈരാക്കി കുട്ടിക്കുതന്നെ നൽകണം. ഒാരോ ദിവസവും ഉപയോഗിച്ചശേഷം ബാക്കിവരുന്ന പാൽ പിറ്റേന്ന് തൈരാക്കി നൽകുകയാണ് അങ്കണവാടിയിൽ ചെയ്യുന്നത്. ചോറിനോ, ബിരിയാണിക്കോ ഒപ്പം തൈര്‌ സാലഡാക്കി നൽകും.

ഇതേപോലെ നൽകാൻ രക്ഷാകർത്താക്കൾക്ക് അങ്കണവാടി വർക്കർമാർ നിർദേശം നൽകണം. ആഴ്ചയിൽ മൂന്ന്‌ മുട്ടയും നൽകണം. അങ്കണവാടികളിൽ നൽകുന്നതുപോലെ ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടിലും ഇവ നൽകാനാണ് രക്ഷാകർത്താക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

പോഷക ബാല്യം പദ്ധതി പ്രകാരമാണ് അങ്കണവാടികളിൽ പാലുംമുട്ടയും നൽകുന്നത്. എന്നാൽ, ഇത്‌ നൽകാത്ത ദിവസങ്ങളിൽ റാഗി, എള്ള്, കടലപ്പരിപ്പ്, ശർക്കര തുടങ്ങിയവ ചേർത്ത് നൽകുന്ന പലഹാരങ്ങളെക്കുറിച്ച് നിർദേശമൊന്നും ഉത്തരവിൽ പറയുന്നില്ല.

നിർജലീകരണം ഉണ്ടാകാതിരിക്കാനായി ശുദ്ധമായ, തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, മോര് തുടങ്ങിയവ കുട്ടികൾ കുടിക്കുന്നുണ്ടോയെന്ന് അങ്കണവാടി പ്രവർത്തകർ ഭവന സന്ദർശനം നടത്തി ഉറപ്പാക്കേണ്ടതുണ്ട്. ക്രഷ് ഉള്ളിടത്ത് അവിടെയും ഇതേ മാർഗനിർദേശം നൽകിയിട്ടുണ്ട്.