കഴക്കൂട്ടം: നഴ്സിങ് വിദ്യാര്‍ഥി അമ്മു സജീവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമേറ്റ പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയുടെ രണ്ടുഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. ആമാശയത്തിലുണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നും, വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

To advertise here,

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് (സിപാസ്) കീഴിലുള്ള ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന അമ്മു സജീവ് (22) നവംബര്‍ 15-നാണ് പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി മരണത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി അമ്മുവിന്റെ അച്ഛന്‍ സജീവ് പറഞ്ഞു. 'മരണദിവസം മകളെ കോളേജിലെ സൈക്യാട്രി അധ്യാപകന്റെ നേതൃത്വത്തില്‍ ആഹാരംപോലും കൊടുക്കാതെ മൂന്നുമണിക്കൂറോളം കൗണ്‍സിലിങ്ങെന്നപേരില്‍ മാനസികമായി പീഡിപ്പിച്ചു. ഈ അധ്യാപകനെതിരേ പത്തനംതിട്ട ഡിവൈ.എസ്.പി. ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയനായ കോളേജ് പ്രിന്‍സിപ്പലിനെ സംരക്ഷിക്കുന്നത് സിപാസ് ഡയറക്ടറാണ്.' -സജീവ് പറഞ്ഞു.