കോഴിക്കോട്: എ.കെ. ശശീന്ദ്രൻ എലത്തൂരിൽ വീണ്ടും മത്സരിക്കാൻ വ്യാപകമായി ജാതീയ പ്രചാരണം നടത്തുന്നതായി പരാതി. എലത്തൂർ ഈഴവ മണ്ഡലമാണെന്നും ഞാനല്ലെങ്കിൽ ഏതെങ്കിലും ഈഴവനെ നിർത്തിയാലേ ഇവിടെ ജയിക്കുകയുള്ളൂവെന്ന തരത്തിൽ പ്രചാരണം നടത്തുന്നതായതാണ് ജില്ലാ കമ്മിറ്റി അംഗം തന്നെ വെളിപ്പെടുത്തുന്നത്. ശശീന്ദ്രൻ വിരുദ്ധരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശ്രമം നടത്തുന്നുവെന്നും ഇതിനായി നേതൃത്വത്തെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നതായും പരാതിയുണ്ട്. ഒരിക്കൽ കൂടെ എ.കെ. ശശീന്ദ്രൻ മത്സരിക്കാൻ തയ്യാറാവുന്നതിനെതിരേ ജില്ലയിലെ 13 മണ്ഡലങ്ങളിൽ പത്തിടത്തും പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രൻ ജാതീയ പ്രചാരണം നടത്തുന്നതായും ആരോപണം ഉയരുന്നത്. 16-ാം തീയതി പാർട്ടി ജില്ലാ കൺവെൻഷൻ ചേരുന്നുണ്ട്. ഇതിൽ അന്തിമ തീരുമാനം ഉണ്ടാവും. ശശീന്ദ്രൻ തന്നെയാണ് മത്സരിക്കുന്നതെങ്കിൽ ബദൽ സ്ഥാനാർഥിയെ അടക്കം നിർത്താനുള്ള ആലോചനയും ശശീന്ദ്രൻ വിരുദ്ധ പക്ഷത്തിനുണ്ട്. എൽഡിഎഫിന്റെ ഉറച്ച മണ്ഡലം എന്ന നിലയ്ക്ക് എലത്തൂരിൽ എൻസിപിയിൽ തർക്കം തുടരുകയാണെങ്കിൽ മണ്ഡലം സിപിഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്.

To advertise here,

1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത്. ഇതോടെയാണ് ഇത്തവണ മാറി നിൽക്കണമെന്ന് ജില്ലാ കമ്മിറ്റി ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാൽ എലത്തൂരിൽ താൻ തന്നെയെന്ന നിലപാടിലായിരുന്നു ആദ്യം മുതൽക്കു തന്നെ ശശീന്ദ്രൻ. ഇതിൽ പ്രാദേശിക നേതൃത്വത്തിന് വലിയ എതിർപ്പുണ്ട്. ഇതോടെ എലത്തൂരിലെ സ്ഥിതി സങ്കീർണമാകുകയും ചെയ്തു.

ശശീന്ദ്രൻ ഇത്തവണ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കൾ ആവശ്യപ്പെട്ടത്. ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കൾ തന്നെ പറയുന്നത്. അദ്ദേഹത്തിന് പിടിവാശിയാണെന്നും ആരോപിക്കുന്നുണ്ട്. എലത്തൂരിൽ ശശീന്ദ്രനെതിരേ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് പതിറ്റാണ്ടോളം അധികാരത്തിലിരുന്നിട്ടും മാറിത്താരാൻ തയ്യാറാവാതെ നിൽക്കുന്നതിലുള്ള വലിയ എതിർപ്പും മണ്ഡലത്തിലുണ്ട്. ഇത് ഇത്തവണ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിനെതിരേ പല ആരോപണങ്ങൾ ഉണ്ടായപ്പോഴും പാർട്ടിയിൽനിന്ന് പ്രശ്നങ്ങൾ വന്നപ്പോഴും അദ്ദേഹത്തിന് പിറകിൽ ഉറച്ചുനിന്നവരാണ് ഞങ്ങൾ. പക്ഷേ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അദ്ദേഹം ഇതൊന്നും കണക്കിലെടുക്കുന്നില്ല. അതുകൊണ്ടുതന്നെ ഇനിയെങ്കിലും അദ്ദേഹം മാറാനുള്ള മനസ്സുകാണിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിൽ ശശീന്ദ്രൻ വിരുദ്ധർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം കൊയ്ത മണ്ഡലത്തിൽ ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള തന്ത്രം അണിയറിയൽ ഒരുങ്ങുമ്പോൾ ശശീന്ദ്രനെതിരെയുള്ള പ്രാദേശിക വികാരം പരമാവധി മുതലാക്കാമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്.

എലത്തൂരിനെ സംബന്ധിച്ച് കഴിഞ്ഞ തവണ ജില്ലയിൽ തന്നെ എൽഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ്. 38,502 എന്ന ചരിത്ര ഭൂരിപക്ഷമാണ് കഴിഞ്ഞതവണ എൽഎഫിന് ലഭിച്ചത്. അതുകൊണ്ടുതന്നെ ഏറെ ഉറപ്പുളള ഒരു മണ്ഡലത്തിൽ തർക്കങ്ങൾ വന്നാൽ മണ്ഡലം സിപിഎം ഏറ്റെടുക്കുന്ന നിലപാടിലേക്കും പോകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഇത്രയും വോട്ടുകൾ ലഭിച്ച ഒരു ഉറച്ച മണ്ഡലമാവും നഷ്ടപ്പെടുകയെന്നും ശശീന്ദ്രനെ എതിർക്കുന്ന എൻസിപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എൻസിപി ജില്ലാ സെക്രട്ടറി മുക്കം മുഹമ്മദ് അടക്കമുള്ളവർ എലത്തൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, മണ്ഡലം വിട്ടുകൊടുക്കാൻ ശശീന്ദ്രൻ താത്പര്യപ്പെടാത്തതാണ് പാർട്ടിയെ കുഴക്കുന്നത്. കഴിഞ്ഞ തവണ ബിജെപി ഏറ്റവും കൂടുൽ വോട്ട് നേടിയ മണ്ഡലങ്ങളിലൊന്നും എലത്തൂരായിരുന്നു. 2021-ൽ ടി.പി ജയചന്ദ്രൻ മാസ്റ്റർ 32010 വോട്ട് നേടി കരുത്ത് തെളിയിച്ചിരുന്നു. ഇവിടെ ശക്തമായ പോരാട്ടം നടത്താൻ ബിജെപിയും രംഗത്തെത്തുമെന്ന് തീർച്ച.

1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്നാണ് എകെ ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി.തുടർന്നിങ്ങോട്ട് 1982ൽ എടക്കാട്ടേയ്ക്ക് മാറി ജയം തുടർന്നു. എന്നാൽ, അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് മാറിയപ്പോൾ രണ്ട് തവണയും അടിതെറ്റി.1987ൽ പി.ഭാസ്‌കരനോടും 1991ൽ എൻ.രാമകൃഷ്ണനോടുമായിരുന്നു തോൽവി. അങ്ങനെയാണ്തട്ടകം കോഴിക്കോട്ടേയ്ക്ക് മാറ്റുന്നത്. 2006ൽ ബാലുശ്ശേരിയിൽ നിന്ന് ജയിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട് മണ്ഡല പുനഃസംഘടനയിൽ ബാലുശ്ശേരി സംവരണ മണ്ഡലമായപ്പോൾ പുതിയ മണ്ഡലമായ എലത്തൂരിലേയ്ക്ക് മാറി. ഇടയ്ക്ക് വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്‌തെങ്കിലും അവിടെ ഹാട്രിക് തികച്ച് നിൽക്കുകയാണ് ഇപ്പോൾ.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയത്. ആകെയുള്ള ആറ് പഞ്ചായത്തുകൾ നാലെണ്ണം യുഡിഎഫിന്റെ കൈയിലാണ്. രണ്ടെണ്ണമാണ് എൽഡിഎഫിന്റെ കയ്യിലുള്ളത്. എന്നാൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോർപ്പറേഷൻ വാർഡുകളിൽ ആധിപത്യം നിലനിർത്താനായത് എൽഡിഎഫിനെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്. ആകെയുള്ള ആറ് കോർപ്പറേഷൻ വാർഡുകളിൽ നാലിടത്ത് എൽഡിഎഫും ഓരോ വാർഡുകളിൽ യുഡിഎഫും ബിജെപിയുമാണ് ജയിച്ചത്.