
കൊച്ചി: രാജ്യദ്രോഹക്കേസിൽ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നീതി തന്നോടൊപ്പമാണെന്നും ആയിഷ സുൽത്താന. പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനെ എതിർത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് ഈ വിധിയിലൂടെ നിയമം പറയുന്നതെന്നും ആയിഷ സുൽത്താന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, ഇന്ന് ആയിഷ സുൽത്താനയോട് വീണ്ടും ലക്ഷദ്വീപ് പോലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് സി. അബ്ദുൾ ഖാദർ ഹാജിയുടെ പരാതി പ്രകാരം ആയിഷ സുൽത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി ഇടക്കാല ജാമ്യം നൽകുകയും ഇന്ന് മുൻകൂർ ജാമ്യം നൽകുകയുമായിരുന്നു. തുടർന്ന് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു ആയിഷ സുൽത്താന.
"ഏഴാം തീയതി ചാനൽ ചർച്ചക്കിടെ എന്റെ വായിൽനിന്ന് വീണ് പോയ വാക്കാണ്. അത് അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പിറ്റേന്ന് തന്നെ പറഞ്ഞിട്ടും ഇവർ എനിക്കെതിരേ പരാതിയുമായി പോവുകയായിരുന്നു. ഇപ്പോൾ മുൻകൂർ ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ട്. എനിക്കെതിരേ കൃത്യമായ ഗൂഢാലോചന നടക്കുന്നുണ്ട്. ആരൊക്കെയാണ്, എന്തൊക്കെയാണ് എന്നുള്ളതെല്ലാം വ്യക്തമാണ്.
"അവരുടെ ഗൂഢാലോചന സംബന്ധിച്ചുള്ള വോയിസ്ക്ലിപ്പുകൾ പലതും പുറത്ത് വന്നിരുന്നു. എന്നെ ഒരു പാകിസ്താൻകാരിയാക്കാനുള്ള വെമ്പലാണ് അവരിൽ ഞാൻ കാണുന്നത്. പാകിസ്താൻ ഇത് ആഘോഷിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി തന്നെ പറയുന്ന വീഡിയോ കണ്ടിരുന്നു.ഇത് മാധ്യമ ശ്രദ്ധ കിട്ടുന്ന കാര്യമാണ്, എന്നെ ഒറ്റപ്പെടുത്തണം എന്നെല്ലാം വീഡിയോയിൽ പറഞ്ഞിരുന്നു. എന്റെ പിന്നിലുള്ളത് ആരാണ്, ഞാൻ ആരാണ്, എന്താണ് എന്നുള്ളതെല്ലാം അന്വേഷിക്കുകയാണ്. പ്രതികരിക്കുന്ന പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും ശബ്ദം ഇല്ലാതാക്കുകയെന്നതാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതിനെ എതിർത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് നിയമം നമ്മളോട് പറയുന്നത്."- ആയിഷ പറഞ്ഞു.
"രാജ്യദ്രോഹക്കേസ് എന്റെ തലയിൽവെച്ചു തന്നു. അതിന് ശേഷം എന്നെ തളർത്താനായി സാമൂഹിക മാധ്യമങ്ങൾ വഴി പലതും പ്രചരിപ്പിക്കുകയാണ്. ഇവരുടെ അജൻഡയും അത് തന്നെയാണ്. ഏതൊരു വ്യക്തിയും ഈ അവസ്ഥയിൽ സ്വാഭാവികമായും തളർന്നു പോകും. അപ്പോൾ എല്ലാവരെക്കൊണ്ടും ഒന്നും വേണ്ടെന്ന് പറയിപ്പിക്കാനുള്ള ഉദ്ദേശമാണ് ഇതെല്ലാം. എന്നാൽ അതൊന്നും നടക്കില്ല. എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നോടൊപ്പമുണ്ട്. സത്യം എന്നായാലും തെളിയും എന്നുള്ളതുകൊണ്ട് ഇക്കാര്യങ്ങളിലൊന്നും മാനസികമായി തളർന്നിട്ടില്ല. നാട്ടിലെ പ്രശ്നങ്ങൾ കാണുമ്പോഴാണ് ഇപ്പോഴും മാനസികമായി തളരുന്നത്.
"ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇപ്പോഴും ഞാൻ ലക്ഷദ്വീപിലാണ് ഉള്ളത്. മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്നിപ്പോൾ വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു പാർട്ടിക്കെതിരേ ആയിരുന്നില്ല എന്റെ പ്രതികരണം. എന്റെ വ്യക്തിപരമായ ആവശ്യത്തിനല്ല ഞാൻ പ്രതികരിച്ചത്. എങ്കിൽ അവർക്ക് എന്നെ അതുപോലെ വ്യക്തിപരമായി തന്നെ ആക്രമിക്കാം.
"ഇത് എന്റെ നാടിന്റെ പ്രശ്നമാണ്. ഞങ്ങൾ പച്ചയായ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നത്തിനെതിരേയാണ് പ്രതികരിച്ചത്. ഇപ്പോഴും ഇവിടെയുള്ള കെട്ടിടങ്ങൾ പൊളിക്കുകയാണ്. ഇതൊക്കെ കാണുമ്പോഴാണ് പ്രതികരിച്ചു പോകുന്നത്. പച്ച മനുഷ്യരുടെ കൂട്ടത്തിലുള്ള ആള് തന്നെയാണ് ഞാനും. ഇതുവരേയും സമരപ്പന്തലിൽ എന്നെ ആരും കണ്ടിട്ടുണ്ടാകില്ല. ഇത് ഒരു നാടിന്റെ പ്രശ്നമാണ്. വേദിയിൽ പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്ന എന്നെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് എന്റെ പ്രതികരണവും പ്രതിഷേധവും."- ആയിഷ പറയുന്നു
Content Highlights:Aisha Sulthana granted bail for sedition case
Published: 25 Jun 2021, 01:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented