കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധം. കണ്ണൂരിൽ കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോ​ഗിച്ചു. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റുകയായിരുന്നു. കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീ​ഗും പ്രതിഷേധ മാർച്ച് നടത്തി.

To advertise here,

അതേസമയം എന്തായിരിക്കും പി.പി. ദിവ്യയുടെ ഭാ​ഗത്തുനിന്നുള്ള അടുത്ത നീക്കമെന്ന് വ്യക്തമായിട്ടില്ല. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമോ എന്നും അങ്ങനെയെങ്കിൽ പാർട്ടി പിന്തുണയ്ക്കുമോ എന്നുമാണ് ഇനി അറിയേണ്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് കീഴടങ്ങലാണ് ഏറ്റവും നല്ല മാർ​ഗമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ പോയാൽ, അവിടെനിന്നും വിമർശനമേറ്റാൽ അതുണ്ടാക്കുന്ന പ്രതിച്ഛായാ നഷ്ടം ചെറുതല്ലെന്ന ബോധ്യവും സി.പി.എമ്മിനുണ്ട്.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.

ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്.