തിരുവനന്തപുരം: എ.ഡി.ജി.പി.എം.ആർ. അജിത്കുമാർ നടപടി നേരിടുന്നത് രണ്ടാംതവണ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കാരനുമായി ഫോണിൽ സംസാരിച്ചുവെന്ന ആരോപണത്തിന് പിന്നാലെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയിരുന്നു. 2022 ജൂണിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് അജിത് കുമാറിനെ വിജിലൻസിൽനിന്ന് മാറ്റിയത്. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് മേധാവി സ്ഥാനമാണ് പിന്നീട് നൽകിയത്.

To advertise here,

മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്ന സ്വപ്‌നാ സുരേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ഷാജ് കിരണിനെ അജിത് കുമാർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതാണ് വിനയായത്. ഏതാനും മാസങ്ങൾക്കുശേഷം അജിത് കുമാർ സായുധ ബറ്റാലിയൻ മേധാവിയായി തിരികെയെത്തി. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യായിരുന്ന വിജയ്‌ സാഖറെ കേന്ദ്രഡെപ്യൂട്ടേഷനിൽ പോയതോടെയാണ് അജിത് കുമാർ ആ ചുമതലയിലെത്തിയത്.

താമസിയാതെതന്നെ അദ്ദേഹം സേനയിൽ ശക്തനായി. പോലീസ് മേധാവി എടുക്കേണ്ട തീരുമാനങ്ങളിൽ ചിലതെങ്കിലും എ.ഡി.ജി.പി. കൈക്കൊള്ളുന്നുവെന്നത് പോലീസിനുള്ളിൽ ചർച്ചയായിരുന്നു. നിലവിലുള്ള ഇന്റലിജൻസ് സംവിധാനത്തിന് പുറമേ ജില്ലകളിൽനിന്ന് തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതും വിവാദമായി. ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളിലും അജിത് കുമാറിനുനേരേ ആരോപണമുയർന്നു. 

മലപ്പുറത്തെ സ്വർണം പൊട്ടിക്കലിലും കോഴിക്കോട് മാമി തിരോധാനക്കേസിലുമൊക്കെ പി.വി. അൻവർ അജിത് കുമാറിനെതിരേ ആരോപണമുന്നയിച്ചു. തൃശ്ശൂർപ്പൂരം അലങ്കോലമായ സംഭവത്തിലും അജിത് കുമാർ സംശയത്തിന്റെ നിഴലിലായി. ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ്, വത്സൻ തില്ലങ്കേരി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയും വിവാദങ്ങൾക്ക് തീപിടിപ്പിച്ചു.