കൊച്ചി: കേരളത്തില്‍ 2011 മുതല്‍ 2022 ഫെബ്രുവരി അഞ്ചുവരെ 100 കോടിരൂപയിലധികം നിക്ഷേപം നടത്തിയത് നാലു സ്ഥാപനങ്ങള്‍മാത്രമെന്ന് വിവരാവകാശരേഖ. കെ.എസ്.ഐ.ഡി.സി.യുടെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ കണക്കാണ് ഇത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി. നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

To advertise here,

അതേസമയം എട്ടു മെഗാസംരംഭങ്ങള്‍ (ആകെ 12,375 കോടിയുടെ മുതല്‍മുടക്കുള്ള) കേരള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തുനില്‍ക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖം (7525 കോടി), തിരുവനന്തപുരത്ത് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി (600 കോടി), ഒരു സ്റ്റാര്‍ ഹോട്ടല്‍ (600 കോടി), തൃശ്ശൂരില്‍ ഐ.ടി. പാര്‍ക്ക് (1200 കോടി), കോഴിക്കോട്ട് ഷോപ്പിങ് മാള്‍ (250 കോടി), കോട്ടയം ജില്ലയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (100 കോടി), ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും (1500 കോടി), പത്തനംതിട്ട ജില്ലയില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി (600 കോടി) എന്നിവയാണ് അനുമതിക്കായി കാക്കുന്നത്.

നെല്‍പ്പാടം, തണ്ണീര്‍ത്തടം ഭൂമി തരംമാറ്റം അടക്കമുള്ള കാരണങ്ങളാണ് അനുമതി വൈകാന്‍ കാരണമായി പറയുന്നത്.

നിലവില്‍ 100 കോടി നിക്ഷേപം നടത്തിയവര്‍

  • കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
  • ജോയ്സ് ബീച്ച് റിസോര്‍ട്ട്
  • എസ്.പി. ഹൈടെക് വെന്‍ച്വേഴ്‌സ്
  • യാന്‍സ് ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്