പാലക്കാട്:  കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് വ്യാവസായിക സമ്മിറ്റിന് ആളു കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്ന സംശയമാണ് എനിക്ക് ഉള്ളത്' മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം പാലക്കാട് പുതുശേരിയില്‍ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമര്‍ശനം. കുറവുകള്‍ ഭാവിയില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിനൊടുവില്‍ പറഞ്ഞു.

സംഘാടകരെ വിമര്‍ശിച്ച മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നാടിന്റെ വികസനം അറിയിക്കാതിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. അറിയിക്കേണ്ട മാധ്യമങ്ങള്‍ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു. അപ്പോള്‍ അറിയേണ്ടവര്‍ ഇക്കാര്യം അറിയാതെ പോകുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മേഖയിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമര്‍ശനം. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലര്‍ പറയുന്നു. ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പണം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.