
ലഖ്‌നൗ: ഗംഗാദിയില്‍ പലയിടത്തും മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നുവെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വെച്ച് കളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല, കുടിക്കാന്‍ പോലും കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ഗംഗാനദിയില്‍ പലയിടത്തും കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന കണ്ടെത്തലുള്ളത്. ഈ റിപ്പോര്‍ട്ടിനെതിരെയാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇത്.
കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തെ കുറിച്ചും യു.പി. മുഖ്യമന്ത്രി പ്രതികരിച്ചു. കുംഭമേള ഏതെങ്കിലും സംഘടനയോ പാര്‍ട്ടിയോ അല്ല സംഘടിപ്പിക്കുന്നത്. ഇത് സമൂഹത്തിന്റേതാണ്. ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന സേവകന്‍ മാത്രമാണ് സര്‍ക്കാര്‍. ഈ നൂറ്റാണ്ടിലെ കുഭമേളയില്‍ സഹകരിക്കാന്‍ തങ്ങളുടെ സര്‍ക്കാരിന് കഴിഞ്ഞത് ഭാഗ്യമാണെന്നും യോഗി പറഞ്ഞു.
കുംഭമേള സമാപിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിനില്‍ക്കെ ഇതുവരെ 56 കോടി ഭക്തരാണ് പുണ്യസ്‌നാനം നടത്തിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതിനിടെ, മഹാകുഭമേളയുടെ സംഘാടനത്തെ വിമര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും യോഗി ആദിത്യനാഥ് യു.പി അസംബ്ലിയില്‍ മറുപടി നല്‍കി. അടിസ്ഥാന രഹിതമായ ആരോപണമാണ് അവര്‍ ഉന്നയിക്കുന്നതെന്നും 56 കോടി ജനങ്ങളുടെ വിശ്വാസത്തോടാണ് കളിക്കുന്നതെന്നും യോഗി പറഞ്ഞു. മഹാകുംഭമേള തുടങ്ങിയ ദിവസം മുതല്‍ 56 കോടി ജനങ്ങളാണ് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തത്.
'ജനുവരി 29-നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 30 പേരുടെയും പ്രയാഗ്‌രാജിലേക്ക് വരുംവഴി റോഡപകടങ്ങളില്‍മരിച്ച മറ്റുള്ളവരുടെയും കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും. എന്നാല്‍ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. മഹാകുംഭമേളയോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യമാണ്. രാജ്യവും ലോകവും തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കൊണ്ട് അതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്' - യോഗി ആദിത്യനാഥ് പറഞ്ഞു.
Content Highlights: UP CM Yogi calls faecal bacteria report ‘propaganda’ to malign Maha Kumbh
Published: 19 Feb 2025, 05:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented