
ഭുവനേശ്വർ: കരടിയുടെ ആക്രമണത്തിൽനിന്ന് ഭർത്താവിനെ സാഹസികമായി രക്ഷിച്ച് ഭാര്യ. ഭർത്താവിനെ കടിച്ചുകീറിയ കരടിയെ കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചാണ് ഭാര്യ പ്രിയതമന്റെ ജീവൻ രക്ഷിച്ചത്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഹാതിസാലബേദ വനത്തിലായിരുന്നു സംഭവം.
മയൂർഭഞ്ചിലെ മിലു ഗ്രാമത്തിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാരായ മാൾഡെ സോറനും(48) ഭാര്യ ലിലി സോറനും(41) ഇലകളും മറ്റും ശേഖരിക്കാനായാണ് വനത്തിൽ പോയത്. ഉൾവനത്തിൽ എത്തിയപ്പോഴാണ് ഇവർക്കുമുന്നിൽ കരടിക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ആറ് കരടികളാണ് ദമ്പതിമാരുടെ മുന്നിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ കരടികളിലൊന്ന് മാൾഡെ സോറന് നേരേ ചാടിവീണ് കടിച്ചുകീറി. ഇതോടെയാണ് ഒപ്പമുണ്ടായിരുന്ന ലിലി സോറൻ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചത്.
കരടികളുടെ ആക്രമണത്തിൽ ഭയന്ന് പിന്തിരിഞ്ഞോടാൻ ശ്രമിക്കാതെ ലിലി സോറൻ ഭർത്താവിന്റെ പ്രാണൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. ഒട്ടുംവൈകാതെ തന്റെ കൈയിലുണ്ടായിരുന്ന കോടാലി കൊണ്ട് ലിലി സോറൻ കരടിയെ തിരിച്ച് ആക്രമിച്ചു. വെട്ടേറ്റതോടെ കരടി മാൾഡെയെ ആക്രമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞു. പിന്നാലെ മുറിവേറ്റ കരടിയും മറ്റുകരടികളും വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു.
ഓടിരക്ഷപ്പെടുന്നതിന് പകരം ഭർത്താവിനെ രക്ഷിക്കാൻ ലിലി കാട്ടിയ ധൈര്യത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രശാന്ത് കുമാർ സ്വെയ്ൻ പ്രശംസിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാൾഡെ സോറനെ ആദ്യം കരഞ്ജിയ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിയോഞ്ചാർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
Content Highlights: A brave wife in Odisha used an axe to rescue her husband from a bear attack, showcasing incredible courage in the face of danger. Learn about this heroic act.
Published: 19 Feb 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented