കൊൽക്കത്ത: ഏതു നിലയ്ക്കും പിടിച്ചെടുത്തേ പറ്റൂ എന്ന വാശിയോടെ ബി.ജെ.പി., വിട്ടുതരില്ലെന്ന നിശ്ചയദാർഢ്യത്തോടെ മമതയും തൃണമൂലും. വോട്ടെടുപ്പ് തീയതികൾ അടുത്തതോടെ പശ്ചിമബംഗാളിൽ ഇരുകൂട്ടരുടെയും പോർവിളി ഉച്ചസ്ഥായിയിലായിക്കഴിഞ്ഞു. സാധാരണ ഒരു തിരഞ്ഞെടുപ്പല്ല, ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു യുദ്ധംതന്നെയാണ് ഇത്തവണ ഇവിടെ നടക്കുന്നത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ ഏപ്രിൽ 23-നും 29-നുമാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 152-ഉം രണ്ടാംഘട്ടത്തിൽ 142-ഉം മണ്ഡലങ്ങൾ വിധിയെഴുതും.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന നിയമസഭാ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം ഉയർത്തുന്ന പുതിയഘടകമായി മാറിയിട്ടുണ്ട്. എസ്.ഐ.ആർ. എങ്ങനെ ബാധിക്കും, ആർക്ക് ഗുണമുണ്ടാകും തുടങ്ങിയ ചർച്ചകളാണ് രാഷ്ട്രീയനിരീക്ഷകർക്കിടയിൽ സജീവമായിരിക്കുന്നത്. 90 ലക്ഷം പേരാണ് വോട്ടർപട്ടികയിൽനിന്ന് എസ്.ഐ.ആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. നിലവിലുള്ള പട്ടികയുടെ 11.85 ശതമാനം വരുമിത്. ഇവരിൽ 27 ലക്ഷംപേർക്ക് ട്രിബ്യൂണലിനെ സമീപിച്ച് പരാതിനൽകാൻ അനുമതിയുണ്ടെങ്കിലും അനുകൂലതീരുമാനം കിട്ടിയാൽത്തന്നെ വോട്ട് ചെയ്യാൻ പറ്റുമോ എന്ന് തീർച്ചയില്ല.
എസ്.ഐ.ആർ. നിർണായകമാവുക ഏഴു ജില്ലകളിൽ
ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ പകുതിയിലേറെയും മുസ്‌ലിം ഭൂരിപക്ഷമുള്ളതും മുസ്‌ലിങ്ങൾ നിർണായകമായതുമായ ഏഴ് ജില്ലകളിൽനിന്നാണ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തിയായ ന്യൂനപക്ഷവോട്ടുകളിൽ ഇതുമൂലം ഗണ്യമായ കുറവുവരുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. ഇതിൽത്തന്നെ മുർഷിദാബാദ്, മാൽദ, ഉത്തർദിനാജ്പുർ ജില്ലകൾ ഏറെ പ്രധാനമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 22 സീറ്റുകളിൽ 20-ഉം തൃണമൂൽ ജയിച്ച ജില്ലയാണ് മുർഷിദാബാദ്.
മുർഷിദാബാദും മാൽദയും തൃണമൂലിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്നില്ല. മതധ്രുവീകരണരാഷ്ട്രീയം ശക്തമായപ്പോൾമുതലാണ് ഈ ജില്ലകളിൽ തൃണമൂലിന് മേൽക്കൈ കിട്ടിയത്. പക്ഷേ, അവരുടെ കോട്ടയായ തെക്കൻ ബംഗാളിലെ രണ്ട് പ്രധാന ജില്ലകളായ 24 പർഗാനാസ്-തെക്ക്, വടക്ക് ജില്ലകളിലും വൻതോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു ഘടകം 24 പർഗാനാസ്-വടക്ക്, നദിയ ജില്ലകളിൽനിന്ന് ഹിന്ദുക്കളായ മത്തുവ വിഭാഗക്കാരും ഗണ്യമായ രീതിയിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. എസ്.ഐ.ആർ. ഒരു ഇരുതലമൂർച്ചയുള്ള വാളായിമാറുന്നത് ഇവിടെയാണ്. ബംഗ്ലാദേശിൽ വേരുകളുള്ളതും പല കാലങ്ങളിലായി അവിടെനിന്ന് കുടിയേറിയവരുമായ മത്തുവ വിഭാഗത്തിലെ ഭൂരിപക്ഷവും ബി.ജെ.പി. അനുകൂലികളാണ്. വോട്ടർപട്ടികയിൽ നിന്നൊഴിവായതിലുള്ള ഇവരുടെ അതൃപ്തി മുതലെടുക്കാൻ തൃണമൂൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
ബംഗ്ളാദേശി മുസ്‌ലിങ്ങളെയും രോഹിംഗ്യകളെയും ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് എസ്.ഐ.ആർ. ചെയ്തതെന്ന് ബി.ജെ.പി. വാദിക്കുമ്പോൾ സാധാരണ വോട്ടർമാരുടെ അവകാശം കവർന്നതിനെതിരേ വോട്ടിലൂടെ മറുപടി നൽകണമെന്നാണ് തൃണമൂൽ ആഹ്വാനംചെയ്യുന്നത്.
എസ്.ഐ.ആറിന് പുറമേ തൃണമൂലിന്റെ ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്ന മറ്റൊരു ഘടകം മുസ്‌ലിം സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ചെറു പാർട്ടികളുടെ സക്രിയ സാന്നിധ്യമാണ്. തൃണമൂലിൽനിന്ന് പുറത്താക്കിയ മുർഷിദാബാദ് ജില്ലയിലെ ഹുമയൂൺ കബീർ എം.എൽ.എ. രൂപംകൊടുത്ത ആം ജനതാ ഉന്നയൻപാർട്ടി ഒവൈസിയുടെ മജ്‌ലിസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്.
എ.ജെ.യു.പി. 182 സീറ്റിലും മജ്‌ലിസ് 17 സീറ്റിലും. ഫുർഫുറാ ഷരീഫെന്ന മുസ്‌ലിം തീർഥാടനകേന്ദ്രത്തിലെ പീർസാദമാർ രൂപംകൊടുത്ത ഐ.എസ്.എഫ്. ഇടതുമുന്നണിക്കൊപ്പമാണ്. എസ്.ഡി.പി.ഐ. യും ഇടതുമുന്നണിയുമായും ധാരണയുണ്ട്. മുസ്‌ലിം വോട്ട് വിഘടിച്ചുപോകുന്നത് തങ്ങൾക്ക് ഗുണംചെയ്യുമെന്ന് ബി.ജെ.പി. കരുതുന്നു.
Content Highlights: West Bengal Assembly elections 2026 scheduled for April 23 and 29., SIR voter list revision has excluded 90 lakh voters, raising concerns., Potential impact on Muslim-majority districts like Murshidabad and Malda., Matua community exclusion creates a double-edged sword for both BJP and TMC., Rise of smaller parties and identity politics threatening traditional vote banks.
Published: 09 Apr 2026, 08:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented