കേന്ദ്രസർക്കാർ ആവിഷ്കരിച്ച വഖഫ് ഭേദഗതിനിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതി വാദംകേൾക്കൽ തുടങ്ങി. ബുധനാഴ്ചത്തെ കോടതിനടപടിയുടെ പ്രസക്തഭാഗങ്ങൾ...
നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകളോട് രജിസ്റ്റർചെയ്ത ഡീഡ് കാണിക്കാൻ എങ്ങനെ ആവശ്യപ്പെടാനാകുമെന്ന് സുപ്രീംകോടതി. രജിസ്റ്റർചെയ്യാൻ എന്തായിരുന്നു അവർക്ക് തടസ്സമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. വഖഫ് ബോർഡുകളിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ആ യുക്തി ശരിവെച്ചാൽ ഈ ബെഞ്ചിലെ ജഡ്ജിമാർക്ക് (മൂവരും ഹിന്ദുക്കൾ) വഖഫ് കേസ് പരിഗണിക്കാനാവില്ലെന്ന് തുഷാർ മേത്ത. കോടതിയിലിരിക്കുമ്പോൾ തങ്ങൾക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്.
വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്യുന്ന എഴുപതോളം ഹർജികൾ പരിഗണിച്ച ആദ്യദിവസം സുപ്രീംകോടതിയിൽ മുഖ്യമായും നടന്നത് ചീഫ് ജസ്റ്റിസും സോളിസിറ്റർ ജനറലും തമ്മിലുള്ള വാദപ്രതിവാദമായിരുന്നു.
രജിസ്റ്റർചെയ്യാമായിരുന്നില്ലേയെന്ന് കേന്ദ്രം
- ചീഫ് ജസ്റ്റിസ്: ഭേദഗതി നടപ്പായാൽ വഖഫ് കൗൺസിലിലും ബോർഡുകളിലും അമുസ്‌ലിങ്ങളാകുമോ കൂടുതൽ?
- സോളിസിറ്റർ: ഭൂരിഭാഗവും മുസ്‌ലിങ്ങളായിരിക്കും. അമുസ്‌ലിങ്ങൾ രണ്ടിലേറെവരില്ല. ഹർജിക്കാരുടെ യുക്തിവെച്ച് നോക്കിയാൽ ഈ ബെഞ്ചിന് കേസ് കേൾക്കാനാവില്ലല്ലോ?
- ചീഫ് ജസ്റ്റിസ്: ഇവിടെ കേസ് തീർപ്പാക്കാനിരിക്കുമ്പോൾ ഞങ്ങൾക്ക് മതമില്ല. മതവിഷയം കൈകാര്യംചെയ്യുന്ന ബോർഡിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഹിന്ദുക്ഷേത്രങ്ങളുടെ ഭരണസമിതിയിൽ എല്ലാവരും ഹിന്ദുക്കളാകും. അതിനെ ജഡ്ജിമാരുമായി എങ്ങനെ താരതമ്യപ്പെടുത്തും?
- സോളിസിറ്റർ: ഇപ്പോഴുള്ള ബോർഡുകളുടെ കാലാവധി തീരുംവരെ അങ്ങനെത്തന്നെ തുടരാം. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാം.
- ജസ്റ്റിസ് കെ.വി. വിശ്വനാഥൻ: ഹിന്ദു ധർമസ്ഥാപനങ്ങളുടെ ഭരണം ഹിന്ദുക്കൾതന്നെയാകും.
- സോളിസിറ്റർ: സർക്കാർനിയന്ത്രണമുള്ള ബോർഡുകളാണെങ്കിൽ അതിൽ ഹിന്ദുക്കളും അല്ലാത്തവരുമുണ്ടാകാം.
- ചീഫ് ജസ്റ്റിസ്: പുതിയ നിയമഭേദഗതിക്കുമുൻപ് വഖഫ് ബൈ യൂസർ (ദീർഘകാല ഉപയോഗത്തിലൂടെ വഖഫായത്) ആയി അംഗീകരിക്കപ്പെട്ടവയെ ഇനി അസാധുവാക്കുമോ?
- സോളിസിറ്റർ: രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയാവില്ല, വഖഫായി തുടരും.
- ചീഫ് ജസ്റ്റിസ്: തർക്കത്തിലുള്ള വസ്തുവാകരുത് എന്നുപറയുന്നത് വ്യക്തമാക്കണം. ബ്രിട്ടീഷുകാർ വരുന്നതിനുമുൻപ് നമുക്ക് രജിസ്‌ട്രേഷനൊന്നുമുണ്ടായിരുന്നില്ല. പല മസ്ജിദുകളും 14-ാം നൂറ്റാണ്ടിലും 15-ാം നൂറ്റാണ്ടിലുമുണ്ടാക്കിയതാണ്. അവരോട് രജിസ്റ്റർചെയ്ത ഡീഡ് കാണിക്കാൻ എങ്ങനെ പറയും? ഉദാഹരണത്തിന് ഡൽഹി ജുമാ മസ്ജിദ്. അത് വഖഫ് ബൈ യൂസറാണ്.
- സോളിസിറ്റർ: അവർക്ക് രജിസ്റ്റർചെയ്യുന്നതിന് എന്തായിരുന്നു തടസ്സം?
- ജസ്റ്റിസ് വിശ്വനാഥൻ: തങ്ങളുടെ ഭൂമിയാണെന്ന് സർക്കാർ പറഞ്ഞാൽ എന്തുചെയ്യും?
- ചീഫ് ജസ്റ്റിസ്: തർക്കമുള്ളവയിൽ അന്വേഷണം നടക്കുമ്പോൾ അത് വഖഫല്ലാതാകുമെന്നുപറയുന്നത് നീതീകരിക്കാനാകുമോ?
- സോളിസിറ്റർ: വഖഫായി ഉപയോഗിക്കുന്നത് തടയുന്നില്ല. അന്വേഷണകാലയളവിൽ വഖഫ് എന്നതിന്റെ ആനുകൂല്യമെടുക്കരുതെന്നേ വകുപ്പിൽ പറയുന്നുള്ളൂ.
- ചീഫ് ജസ്റ്റിസ്: വഖഫ് കെട്ടിടത്തിന് വാടകലഭിക്കുന്നുണ്ടെങ്കിൽ അന്വേഷണകാലയളവിൽ അത് ആരെടുക്കും?
- സോളിസിറ്റർ: അതിന് പരിഹാരം ട്രിബ്യൂണലിലും കോടതിയിലും തേടാം. നിയമപ്രകാരമുള്ള ഓരോ നടപടിയും കോടതിയിൽ ചോദ്യംചെയ്യാമല്ലോ?
- ചീഫ് ജസ്റ്റിസ്: കോടതിവിധിയുണ്ടെങ്കിൽപ്പോലും ട്രസ്റ്റിന്റെ സ്വത്തുക്കൾ വഖഫ് നിയമത്തിനുകീഴിൽവരില്ലെന്ന് എങ്ങനെ നിയമനിർമാണം നടത്താനാകും? ഏതെങ്കിലും കോടതിവിധിയോ ഉത്തരവോ നിർദേശമോ അസാധുവാക്കാൻ നിയമനിർമാണം നടത്താനാവില്ല.
- സോളിസിറ്റർ: അതെന്തായാലും മുസ്‌ലിങ്ങളിൽ ഭൂരിഭാഗവും, കാരുണ്യപ്രവർത്തനത്തിന് മുസ്‌ലിം ബോർഡ് വേണമെന്ന് ആഗ്രഹിക്കുന്നില്ല. മുസ്‌ലിങ്ങൾക്ക് കാരുണ്യപ്രവർത്തനം നടത്തണമെങ്കിൽ ട്രസ്റ്റുകൾ വഴിയാവാമല്ലോ? സംയുക്ത പാർലമെന്ററി സമിതി 38 സിറ്റിങ്ങുകൾ നടത്തി 98.2 ലക്ഷം നിവേദനങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ചാണ് നിയമം പാസാക്കിയത്.
നല്ല മുസ്‌ലിമാണോയെന്ന് തീരുമാനിക്കുന്നത് സർക്കാരാണോ? -കപിൽ സിബൽ
ചുരുങ്ങിയത് അഞ്ചുവർഷമായി മുസ്‌ലിമായിരിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നവർക്കേ വഖഫ് ചെയ്യാനാകൂവെന്ന വ്യവസ്ഥയെ മുസ്‌ലിം ലീഗിനും ജാമിയത്ത് ഉലമ ഐ ഹിന്ദിനുംവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദ്യംചെയ്തു. ഒരാൾ നല്ല മുസ്‌ലിമാണോയെന്ന് ഭരണകൂടം എങ്ങനെയാണ് തീരുമാനിക്കുകയെന്നും സിബൽ ചോദിച്ചു.
വഖഫിന്റെ പിന്തുടർച്ചാവകാശം സംബന്ധിച്ചും സർക്കാരിന് തീരുമാനിക്കാനാവില്ലെന്ന് സിബൽ പറഞ്ഞു. എന്നാൽ, ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം ഏതുമതവുമായി ബന്ധപ്പെട്ടും നിയമനിർമാണം നടത്താമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. ഹിന്ദു പിന്തുടർച്ചാവകാശനിയമം, ഹിന്ദു ഗാർഡിയൻഷിപ്പ് നിയമം എന്നിവയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെല്ലാം മരിച്ചതിനുശേഷമുള്ള പിന്തുടർച്ചയുടെ കാര്യമാണെന്നും ഇവിടെ ജീവിച്ചിരിക്കുന്നയാളുടെ കാര്യത്തിലാണ് ഭരണകൂടം ഇടപെടുന്നതെന്നും സിബൽ വാദിച്ചു.
പുരാവസ്തുവെന്ന സംരക്ഷണമുള്ള വസ്തുക്കളുടെ കാര്യവും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, സംരക്ഷിത പുരാവസ്തുക്കളാണെങ്കിൽ അത്തരം വഖഫിനെ ഇല്ലാതാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആദിവാസിഭൂമി വഖഫാക്കാനാവില്ലെന്ന വകുപ്പിനെ സിബൽ ചോദ്യംചെയ്തപ്പോഴും ചീഫ് ജസ്റ്റിസ് ചെറുത്തു. ആദിവാസിഭൂമി കൈമാറ്റം ചെയ്യുന്നതു തടയുന്ന നിയമങ്ങൾ ഇപ്പോഴില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ, അവയൊന്നും ആദിവാസികളുടെ സ്വത്ത് ആദിവാസികൾക്ക് നൽകുന്നതിനെ തടയുന്നില്ലെന്ന് സിബൽ പറഞ്ഞു.
വഖഫ് ബൈ യൂസർ എന്നത് എടുത്തുകളയുന്ന വ്യവസ്ഥ അപകടകരമാണെന്ന് സമസ്തയ്ക്കും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡിനുംവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചു. എട്ടുലക്ഷം വഖഫ് വസ്തുക്കളെടുത്താൽ അതിൽ പകുതിയും വഖഫ് ബൈ യൂസറാണ്. ഇവയെല്ലാം ഇനി നിയമസാധുതയില്ലാത്തതാകുമെന്നും സിംഘ്‌വി പറഞ്ഞു.ഡൽഹി ഹൈക്കോടതിയും ഒബ്റോയ് ഹോട്ടലുമെല്ലാം വഖഫ് ഭൂമിയിലാണെന്നുപറയുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാ വഖഫ് ബൈ യൂസർ സ്വത്തുക്കളും തെറ്റാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാരുണ്യപ്രവർത്തനം ഇസ്‌ലാമിൽ ആവശ്യമായതിനാൽ വഖഫ് അതിന്റെ അനിവാര്യഘടകമാണെന്ന് മറ്റുചില ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. മുന്നൂറുവർഷം പഴക്കമുള്ള വഖഫ് സ്വത്തിൻമേൽ തർക്കമുണ്ടായി അന്വേഷണം മുപ്പതുവർഷം തുടർന്നാൽ അത്രയും കാലം അത് വഖഫായി കണക്കാക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ സി.യു. സിങ്ങും ചൂണ്ടിക്കാട്ടി.
Content Highlights: How can ancient mosques be asked to show registration documents? aksSupreme Court
Published: 17 Apr 2025, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented