ന്യൂഡൽഹി: അമേരിക്കയും ബംഗ്ലാദേശും തമ്മിൽ പുതുതായി ഒപ്പിട്ട വ്യാപാര കരാർ ഇന്ത്യൻ വസ്ത്ര കയറ്റുമതി മേഖലയെയും പരുത്തി കർഷകരെയും വലിയ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. ബംഗ്ലാദേശിൽനിന്ന് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് യുഎസിൽ നികുതിയില്ലെന്നതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഘടകങ്ങളിലൊന്ന്. എന്നാൽ, യുഎസിൽ നിന്ന് വാങ്ങുന്ന പരുത്തി ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്രങ്ങൾക്കാകും നികുതി ഒഴിവാക്കുക. ഇന്ത്യൻ വസ്ത്രവ്യവസായത്തിനും ഇന്ത്യയിലെ പരുത്തി കർഷകർക്കും ബംഗ്ലാദേശ്- യുഎസ് വ്യാപാര കരാർ തിരിച്ചടിയുണ്ടാക്കിയേക്കും.

To advertise here,

വസ്ത്രങ്ങൾക്ക് പൂജ്യം ശതമാനം നികുതി എന്ന ബംഗ്ലാദേശിന് ലഭിച്ച ആനുകൂല്യം അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര കരാറിലൂടെ ഇന്ത്യയിൽനിന്നുള്ള വസ്ത്രങ്ങൾക്ക് 18 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബംഗ്ലാദേശിന് നൽകിയ പുതിയ ഇളവ് അനുസരിച്ച്, അമേരിക്കൻ പരുത്തിയോ കൃത്രിമ നാരുകളോ (Man-made textiles) ഉപയോഗിച്ച് നിർമ്മിക്കുന്ന ബംഗ്ലാദേശ് വസ്ത്രങ്ങൾക്ക് അമേരിക്കയിൽ പൂജ്യം ശതമാനം നികുതി മാത്രമേ ഉണ്ടാകൂ. 19 ശതമാനമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന നികുതിയെങ്കിലും പരുത്തിയുമായി ബന്ധപ്പെട്ട ഈ പ്രത്യേക ഇളവ് അവർക്ക് വലിയ നേട്ടമാകും. ഇത് ഇന്ത്യൻ വസ്ത്രങ്ങളേക്കാൾ കുറഞ്ഞ വിലയിൽ അമേരിക്കൻ വിപണിയിൽ വസ്ത്രങ്ങൾ വിൽക്കാൻ ബംഗ്ലാദേശിനെ സഹായിക്കും.

ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഇറക്കുമതി രാജ്യമായ ബംഗ്ലാദേശ്, ഇന്ത്യൻ പരുത്തിയുടെ പ്രധാന ഉപഭോക്താവായിരുന്നു. മുൻപ് ഇന്ത്യയുടെ പരുത്തി കയറ്റുമതിയുടെ 70 ശതമാനവും ബംഗ്ലാദേശിലേക്കായിരുന്നു. എന്നാൽ, പുതിയ കരാർ പ്രകാരം നികുതി ഇളവ് ലഭിക്കാനായി ബംഗ്ലാദേശ് അമേരിക്കൻ പരുത്തിയിലേക്ക് കൂടുതൽ തിരിയുന്നത് ഇന്ത്യൻ പരുത്തി വ്യാപാരികളെയും കർഷകരെയും സാരമായി ബാധിക്കും. 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണം ബംഗ്ലാദേശ് നേരത്തെ തന്നെ ബ്രസീൽ, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പരുത്തി വാങ്ങാൻ തുടങ്ങിയിരുന്നു.

ഇന്ത്യയുടെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.3 ശതമാനം സംഭാവന ചെയ്യുന്നത് വസ്ത്ര വ്യാപാര മേഖലയാണ്. 2025 നവംബറിലെ കണക്കുകൾ പ്രകാരം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ 31 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കരാർ വന്നതോടെ ഇന്ത്യൻ ടെക്‌സ്‌റ്റൈൽ കമ്പനികളുടെ ഓഹരി വിലയിലും ഇടിവുണ്ടായി.