ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്വയം കഴുത്തറത്ത് മരിച്ച് വയോധികൻ. ബലിപെരുന്നാള്‍ ദിനത്തില്‍ തന്നെ സ്വയം ബലിയായി അര്‍പ്പിക്കുന്നുവെന്ന് കുറിപ്പെഴുതിവെച്ചാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 60-കാരനായ ഇഷ് മുഹമ്മദ് വീടിനുള്ളിൽവെച്ചാണ് കഴുത്ത് മുറിച്ച് മരിച്ചത്. താൻ സ്വയം ബലിയര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കി കുടുംബത്തെ അഭിസംബോധനചെയ്ത് ഇയാള്‍ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

To advertise here,

ശനിയാഴ്ച ഈദ് നമസ്‌കാരത്തിനു ശേഷം രാവിലെ 10 മണിയോടെയാണ് ഇഷ് മുഹമ്മദ് വീട്ടില്‍ തിരിച്ചെത്തിയ ഉടൻ ഇയാള്‍ സ്വന്തം മുറിയിലേക്കു പോയി. ഒരു മണിക്കൂറിനു ശേഷം ഇയാളുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ വന്നുനോക്കുമ്പോള്‍ ഇഷ് മുഹമ്മദ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്ത് കത്തിയും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഇയാളെ ജില്ലാ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അതിനുമുമ്പേ മരിക്കുകയായിരുന്നു.

മരിച്ചയാള്‍തന്നെയാണ് മുറിവേല്‍പ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എങ്കിലും അന്വേഷണം തുടരുന്നുണ്ടെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് (നോര്‍ത്ത്) അരവിന്ദ് കുമാര്‍ വര്‍മ്മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.


 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)