
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി അതിഷി. തന്നില്‍ ഏല്‍പ്പിക്കപ്പെട്ടത് വലിയ ഉത്തരവാദിത്വമാണെന്നും എന്നും ഗുരു അരവിന്ദ് കെജ്രിവാളിന് നന്ദി എന്നും അതിഷി പറഞ്ഞു. എന്നാല്‍ കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതില്‍ താന്‍ ദുഃഖിതയാണെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
'ഇത്ര വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചതിന് ഡല്‍ഹിയുടെ ജനകീയ മുഖ്യമന്ത്രിയായ എന്റെ ഗുരു അരവിന്ദ് കെജ്രിവാളിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ ആദ്യമായെത്തുന്ന ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കുന്നത് ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമാണ്. ഞാനൊരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്നയാളാണ്. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പോലും കിട്ടില്ലായിരുന്നു.' -കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ അതിഷി പറഞ്ഞു.
'അരവിന്ദ് കെജ്രിവാള് എന്നെ വിശ്വസിച്ചു. എന്നെ എം.എല്‍.എയാക്കി. മന്ത്രിയാക്കി. ഇന്നിതാ, മുഖ്യമന്ത്രിയാകാനുള്ള ഉത്തരവാദിത്വവും അദ്ദേഹം എനിക്ക് നല്കി. അരവിന്ദ് കെജ്രിവാള് എന്നെ അത്രയേറെ വിശ്വസിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാല്‍ അദ്ദേഹം ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നതില് ഞാന്‍ ദുഃഖിതയാണ്. ഡല്‍ഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയേ ഉള്ളൂ. അത് അരവിന്ദ് കെജ്രിവാളാണ്.' -അതിഷി കൂട്ടിച്ചേര്‍ത്തു.
അതിഷിക്കെതിരെ സ്വാതി മാലിവാള്‍
അതേസമയം നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍ രംഗത്തെത്തി. അതിഷി 'ഡമ്മി മുഖ്യമന്ത്രി'യാണെന്ന് അവര്‍ പറഞ്ഞു. 2001-ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനായി പോരാടിയവരാണ് അതിഷിയുടെ കുടുംബമെന്നും സ്വാതി ആരോപിച്ചു.
'ഇന്ന് ഡല്‍ഹിക്ക് വളരെ ദുഃഖം നിറഞ്ഞ ദിവസമാണ്. അഫ്സല് ഗുരുവിനെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാനായി പോരാടിയ കുടുംബത്തില്‍ നിന്നുള്ള ഒരു വനിത ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുകയാണ്. ഭീകരവാദിയായ അഫ്സല് ഗുരുവിനെ രക്ഷിക്കാനായി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കിയവരാണ് അവളുടെ മാതാപിതാക്കള്‍. അഫ്സല് ഗുരു നിരപരാധിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കുടുക്കിയതാണെന്നുമാണ് അവളുടെ നിലപാട്. അതിഷി വെറും 'ഡമ്മി മുഖ്യമന്ത്രി' മാത്രമാണ്. എങ്കിലും ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ.' -സ്വാതി മാലിവാള്‍ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.
Content Highlights: 'Thank You, Guru Arvind Kejriwal for giving me such a huge responsibility'; Atishi's first reaction
Published: 17 Sept 2024, 03:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented