കൊച്ചി: കശ്മീര്‍ പഹല്‍ഗാമിലെ ഭീകരക്രമണത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്.  ഹരിയാണ സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യ ഹിമാംശിയുമാണ് ചിത്രത്തിലുള്ളത്. കാശ്മീര്‍ ഭീകരാക്രമണത്തിലെ ഏറെ വേദനിപ്പിക്കുന്ന ചിത്രമായി സാമുഹിക മാധ്യമങ്ങളില്‍ ഇത് നിറഞ്ഞു

To advertise here,

ഇക്കഴിഞ്ഞ ഏപ്രില്‍ 16-ന് ആയിരുന്നു വിനയ്‌നര്‍വാളിന്റെയും ഹിമാംശിയുടെയും വിവാഹം. ഏപ്രില്‍ 19-ന് നടന്ന വിരുന്നുസൽക്കാരത്തിന് ശേഷമാണ് കഴിഞ്ഞദിവസം വിനയ് ഭാര്യക്കൊപ്പം കശ്മീരിലെത്തിയത്. മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ ഭാര്യ ഹിമാംശിയുടെ കണ്‍മുന്നില്‍വെച്ച് വിനയിനെ ഭീകരര്‍ വധിക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് വിനയ് നര്‍വാള്‍ നാവിക സേനയില്‍ ചേര്‍ന്നത്. ഏറെക്കാലമായി കൊച്ചിയിലായിരുന്നു ഡ്യൂട്ടി. വിവാഹത്തിനായി അവധിയെടുത്ത അദ്ദേഹം ഭാര്യയോടൊത്ത് കഴിഞ്ഞദിവസമാണ് മധുവിധു ആഘോഷങ്ങള്‍ക്കായി കശ്മീരിലേക്ക് പുറപ്പെട്ടത്. നര്‍വാളിന്റെ മരണം നാടിനും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും തീരാവേദനയായിരിക്കുകയാണ്. 

വേര്‍പാടിന്റെ വേദന പലരും പങ്കുവെച്ചു. നാലുദിവസം മുന്‍പാണ് വിവാഹം കഴിഞ്ഞതെന്നു പറഞ്ഞ് ഒരു അയല്‍വാസി സങ്കടം പറയുന്നുണ്ടായിരുന്നു. 'ഞങ്ങളെല്ലാവരും സന്തോഷത്തിലായിരുന്നു. അദ്ദേഹം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നര്‍വാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു' -അയല്‍വാസി പറഞ്ഞു. 

കൊല്ലപ്പെട്ടവരില്‍ എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനുമുണ്ട്. തിങ്കളാഴ്ച  രാമചന്ദ്രന്‍ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകള്‍ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയത്. ഇദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്. മകന്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകന്‍ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

മൂന്ന് വിദേശികളും മൂന്ന് പ്രദേശവാസികളും ഉള്‍പ്പെടെ 28 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവില്‍ 16 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.