മംഗളൂരൂ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തി. മുമ്പും പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് മൂകാംബികയിലെത്തിയത്. ക്ഷേത്രത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരും മുമ്പ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിട്ടുണ്ട്.

To advertise here,

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം ക്ഷേത്രസന്നിധിയിലെത്തിയത്. തമിഴ്‌നാട് പോലീസിന്റെയും കർണാടക പോലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. നേരത്തെ പലതവണ അദ്ദേഹം ഇവിടെ എത്തിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം പ്രമാണിച്ച് അതീവ ജാഗ്രതയോടെയുള്ള സുരക്ഷാ വിലയിരുത്തലുകൾ ഉദ്യോഗസ്ഥർ നടത്തിയിരുന്നു.

ക്ഷേത്രത്തിലെത്തിയ വിജയിയെ തന്ത്രിയുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ബോർഡിലെ പ്രധാന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് സ്വീകരണം നൽകി. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം നാല് മണിക്ക് തുറക്കേണ്ട ക്ഷേത്രനട, മുഖ്യമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് മൂന്ന് മണിക്ക് തന്നെ തുറന്നിരുന്നു. ദേവിയെ ദർശിച്ച ശേഷം സവിശേഷമായ 'സങ്കല്പ ദീപാരാധന' എന്ന പൂജയിലും വിജയ് പങ്കെടുത്തു. ദർശനത്തിന് ശേഷം ക്ഷേത്ര ഭാരവാഹികളുമായി സമയം ചെലവഴിച്ച അദ്ദേഹം മംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചു.

മംഗളൂരു എയർപോർട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിൽ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയ ആരാധകർ പൂക്കൾ വിതറിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് തങ്ങളുടെ വിജയിയെ വരവേറ്റത്. ക്ഷേത്രത്തിനകത്തും ടിവികെ പതാകകളുമായി വിജയ് ആരാധകർ എത്തിയിരുന്നു. മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ പുറത്തെ കോമ്പൗണ്ടിന് അപ്പുറമാണ് വാർത്താസംഘങ്ങളെ നിർത്തിയിരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിമാരും മൂകാംബികാ ക്ഷേത്രവും തമ്മിലുള്ള ആത്മബന്ധം ചരിത്രപ്രസിദ്ധമാണ്. മുൻപ് എംജിആർ ദർശനത്തിനെത്തിയപ്പോൾ ദേവിക്ക് സ്വർണ്ണവാൾ സമർപ്പിച്ചിരുന്നു. ജയലളിതയാകട്ടെ രത്നകിരീടമാണ് അർപ്പിച്ചത്.