സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കുന്ന ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കുന്നത് നിയമപരമാണോ എന്ന വിഷയം വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇക്കാര്യത്തില്‍ ജനുവരി മുപ്പത്തിന് അന്തിമവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ബി. ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1964-ലെ ചട്ടപ്രകാരം കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്കാന് കഴിയൂ എന്ന് വ്യക്തമാക്കി സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. പട്ടയഭൂമിയില്‍ വീട് വയ്ക്കുന്നതിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മാത്രമാണ് ഭൂതല അവകാശം. ഖനനം ഉള്‍പ്പടെ ഭൂമിക്ക് താഴെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് പട്ടയ ഭൂമി കൈമാറാന്‍ 1964-ലെ ചട്ടങ്ങളില്‍ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഭൂതല അവകാശം പോലെ ഭൂമിക്ക് താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പട്ടയ ഭൂമിയില്‍ അനുമതി നല്കാന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ജനുവരി മുപ്പത്തിന് ബെഞ്ച് പരിഗണിക്കുന്ന അവസാന ഹര്‍ജിയായി വിഷയത്തില്‍ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നത്. യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുത്ത് 1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.വി. വിശ്വനാഥന്, വി. ഗിരി അഭിഭാഷകരായ ഇ. എം. എസ് അനാം, എം. കെ. എസ് മേനോന്, മുഹമ്മദ് സാദിഖ്, ഉഷ നന്ദിനി എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി. കെ. ശശിയാണ് സുപ്രീം കോടതിയില്‍ തിങ്കളാഴ്ച ഹാജരായത്. പരിസ്ഥിതി വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ജെയിംസ് ടി. തോമസ് എന്നിവരും ഹാജരായി.
Content Highlights: Supreme Court will hear the final argument on pattayam land
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..