ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് വന്ന ഹർജികൾ ഡിവിഷൻ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറി. യുഎപിഎ കേസുകളിൽ ജാമ്യം നൽകുന്നതിലെ മാനദണ്ഡം സംബന്ധിച്ച് സുപ്രധാന വഴിത്തിരിവാകും ഈ തീരുമാനം.

To advertise here,

യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളിൽ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സമീപകാല ഉത്തരവുകളിലെ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്.

ഡൽഹി കലാപത്തിലെ മറ്റ് രണ്ട് പ്രതികളായ തസ്ലീം അഹമ്മദ്, ഖാലിദ് സൈഫി എന്നിവർക്ക് ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെയും അടങ്ങുന്ന ബെഞ്ചിന്റെതാണ് വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ്.

ഈ വർഷം ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ഒരു ഡിവിഷൻ ബെഞ്ച്, ജനുവരിയിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച വിധി ശരിയാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. യുഎപിഎ കേസുകളിൽ കർശനമായ നിലപാടുണ്ടെങ്കിലും വിചാരണയിലുണ്ടാകുന്ന നീണ്ട കാലതാമസം ജാമ്യം അനുവദിക്കാനുള്ള കാരണമാണെന്നും ബെഞ്ച് വ്യക്തമാക്കുകയുണ്ടായി.

ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തി 2020 സെപ്റ്റംബറിൽ അറസ്റ്റിലായതിനുശേഷം ഉമർ ഖാലിദ് തിഹാർ ജയിലിലാണ്, വിചാരണയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ നിരവധി തവണ ഇയാൾ വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും തള്ളുകയാണ് ഉണ്ടായത്. ഇതിനിടെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം കോടതികൾ അനുവദിച്ചിട്ടുണ്ട്. ചികിത്സയിലുള്ള മാതാവിനെ കാണാൻ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി ഉമർ ഖാലിദിന് അനുവദിച്ചിട്ടുണ്ട്.