ന്യൂഡല്‍ഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ ഫയല്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട് പോലീസിനോട് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്‌നാട് പോലീസിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. 

To advertise here,

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഇഷ ഫൗണ്ടേഷനായി ഹാജരായത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രണ്ട് യുവതികളെ ഫൗണ്ടേഷന്‍ ബലം പ്രയോഗിച്ച് തടങ്കലില്‍ വെച്ചെന്നാരോപിച്ചുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റുകയും ചെയ്തു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം വന്‍പോലീസ് സംഘം ചൊവ്വാഴ്ച ഇഷ ഫൗണ്ടേഷനില്‍ പ്രവേശിച്ചിരുന്നു. റിട്ട. പ്രൊഫസര്‍ എസ്. കാമരാജാണ് തന്റെ മകളെ ബലം പ്രയോഗിച്ച് ഇഷ ഫൗണ്ടേഷന്‍ യോഗ സെന്ററില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. കുടുംബാംഗങ്ങള്‍ക്ക് അവളെ കാണാന്‍ അനുമതി നല്‍കുന്നില്ലെന്നും കാമരാജ് ആരോപിച്ചിട്ടുണ്ട്.

എന്നാല്‍ ഇഷ ഫൗണ്ടേഷന്‍ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കന്നതിന് മുമ്പായി തടങ്കലിലാണെന്ന് ആരോപിച്ചിട്ടുള്ള സ്ത്രീകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുത്തു.