ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി സുപ്രീം കോടതി രൂപവത്കരിക്കും. സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ കൈമാറാന്‍ കേരള സര്‍ക്കാരിനോടും ചാന്‍സലറായ ഗവര്‍ണറോടും സുപ്രീംകോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

To advertise here,

അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തേണ്ടത്. ഇതില്‍ ഒരംഗം യുജിസി നോമിനിയാണ്. നിയമിക്കേണ്ട മറ്റ് നാല് അംഗങ്ങളുടെ പേരുവിവരം കൈമാറാനാണ് ചാന്‍സലറോടും സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഈ പേരുകള്‍ കൈമാറാനാണ് നിര്‍ദേശം.

യുജിസി ചട്ടങ്ങള്‍ പ്രകാരം താനാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്നായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍, സര്‍വകലാശാല ആക്ട് പ്രകാരം തങ്ങളാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്ന നിലപാട് കേരളവും സ്വീകരിച്ചു. ഇതില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരണം ഏറ്റെടുക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. 

'കേരളത്തിന്റെ നിലപാട് നിയമപരമായി ശരി'

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് സാങ്കേതിക സര്‍വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റര്‍ സര്‍വകലാശാല ആക്ടിന്റെ 11 (10) പ്രകാരവുമാണെന്നാണ് തങ്ങളുടെ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വഷളാക്കരുതെന്ന് സുപ്രീംകോടതി അഭ്യര്‍ഥിച്ചു.

'പ്രതിസന്ധി പരിഹരിക്കണമെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുന്നു'

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി. കൈകൂപ്പിയാണ് ഈ അഭ്യര്‍ഥനയെന്നും ജസ്റ്റിസ്മാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാക്കരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നില്‍ അധികാരത്തര്‍ക്കമല്ലെന്നും ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേരളം വ്യക്തമാക്കി.

ബംഗാളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിൽ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച കാര്യം അറ്റോണി ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. കോടതിയാണ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള സമിതി രൂപവത്കരിച്ചത്. അതുപോലെ ഒരു സമിതി വേണമോ എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ എ.ജി ഒഴിഞ്ഞ് മാറി.

ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സീനിയര്‍ അഭിഭാഷകന്‍ പി. ശ്രീകുമാര്‍, അഭിഭാഷകന്‍ വെങ്കിട്ട സുബ്രമണ്യം ടി.ആര്‍. എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരാണ് ഹാജരായത്.