ന്യൂഡൽഹി: പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ. പരിശോധനയ്ക്ക് ഉത്തരവിടുമ്പോൾ സ്വകാര്യത കൂടി  കോടതികൾ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി. വ്യക്തികളുടെ സ്വകാര്യതയും മാന്യതയും ഉറപ്പ് വരുത്താൻ കോടതികൾക്ക് ബാധ്യത ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനവിധി.

To advertise here,

തന്റെ ജൈവികപിതാവിനെ കണ്ടെത്തുന്നതിന് ഡി.എൻ.എ. പരിശോധനയ്ക്ക് ഉത്തരവിടണമെന്ന കൊച്ചി സ്വദേശിയായ യുവാവിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. യുവാവിന്റെ അമ്മയുടെ വിവാഹം 1989 ൽ ആയിരുന്നു. 1991ൽ ഇവർ ഒരു പെൺകുഞ്ഞിന്റെ അമ്മായായി. 2001ലാണ് ഹർജിക്കാരന്റെ ജനനം. 2003 ൽ യുവാവിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. 2006ൽ കുടുംബ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു.

ഔദ്യോഗിക രേഖകളിൽ പിതാവിന്റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് യുവതിയുടെ നിയമപരമായ ഭർത്താവിന്റെ പേരാണ്. എന്നാൽ 2001ൽ തനിക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും അതിൽ ജനിച്ച കുട്ടിയെന്ന നിലയിൽ പിതാവിന്റെ പേര് ഔദ്യോഗിക രേഖകളിൽ മാറ്റണമെന്നും ആവശ്യപ്പെട്ട് അമ്മ കൊച്ചി കോർപറേഷനെ സമീപിച്ചു. എന്നാൽ കോടതി ഉത്തരവ് ഇല്ലാതെ പേര് മാറ്റാൻ കഴിയില്ല എന്നായിരുന്നു കോർപറേഷന്റെ നിലപാട്.

ഇതേ തുടർന്ന് ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി തേടി ഹർജിക്കാരനും അമ്മയും കോടതിയെ സമീപിച്ചു. തുടർന്ന് രണ്ട് ഘട്ടങ്ങളായി നടന്ന നിയമ പോരാട്ടത്തിനൊടുവിൽ പുറപ്പെടുവിച്ച വിധിയിലാണ് ഡി.എൻ.എ. പരിശോധന വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. 2001ൽ അമ്മയും അച്ഛനും തമ്മിൽ നിയമപരമായി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുയായിരുന്നുവെന്നും വിവാഹേതര ബന്ധം ഉണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാരന്റെ അമ്മയ്ക്ക് സാധിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഡി.എൻ.എ. പരിശോധന നടത്തിയശേഷം ജൈവികപിതാവ് അല്ലെന്ന് കണ്ടെത്തിയാൽ അത് ആ വ്യക്തിയ്ക്ക് ഉണ്ടാക്കുന്ന സാമൂഹികമായ അപമാനം കോടതി ചൂണ്ടിക്കാട്ടി. ഡി.എൻ.എ. പരിശോധനകൾക്ക് കോടതി ഉത്തരവിടുമ്പോൾ പിതാവ് ആരാണെന്ന് അറിയാനുള്ള കുട്ടിയുടെ നിയമപരമായ അവകാശം കണക്കിലെടുക്കുന്നതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

തന്റെ പിതാവാണെന്ന് യുവാവ് ആരോപിച്ച വ്യക്തിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ റോമി ചാക്കോ ഹാജരായി. യുവാവിന് വേണ്ടി അഭിഭാഷകൻ നരേഷ് കുമാർ ആണ് ഹാജരായത്.