ന്യൂഡൽഹി: കൊലക്കേസ് പ്രതിയുടെ അപ്പീൽ തീർപ്പാക്കാൻ അലഹാബാദ് ഹൈക്കോടതി 41 വർഷമെടുത്തതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. അലഹാബാദ് ഹൈക്കോടതിയിലെ സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ എന്ത് നൂതന നടപടികളാണ് ആവശ്യമെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ 1983-ൽ 28-ാം വയസ്സിൽ അറസ്റ്റിലായ വിജയ് സിങ്ങിന്റെ കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമർശമുണ്ടായത്. കാൻപുരിലെ സെഷൻസ് കോടതി 1985-ൽ വിജയ് സിങ്ങിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരേ സിങ് നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കിയത് 41 വർഷത്തിനുശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ്.
അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു. മൂന്നുമാസം മാത്രമേ വിജയ് സിങ്ങിന് കസ്റ്റഡിയിൽ കഴിയേണ്ടിവന്നിട്ടുള്ളൂവെന്നും ബാക്കി 43 വർഷവും ജാമ്യത്തിലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇപ്പോൾ 72 വയസ്സുള്ള സിങ്ങിന് സുപ്രീംകോടതിയിലെ അപ്പീൽ തീർപ്പാകുംവരെ ജാമ്യം തുടരാമെന്നും ബെഞ്ച് വ്യക്തമാക്കി.
അലഹാബാദ് ഹൈക്കോടതിയിൽ കേസുകൾ തീർപ്പാക്കാൻ വൈകുന്നതിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഹർജിക്കാർ പലപ്പോഴും കേസ് വേഗം തീർപ്പാക്കാൻ അലഹാബാദ് ഹൈക്കോടതിക്ക് നിർദേശം നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്താറുണ്ട്. വേഗത്തിൽ കേസ് തീർപ്പാക്കാൻ എന്തുചെയ്യാനാകുമെന്ന് സുപ്രീംകോടതി, മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ദവെ, അഡ്വ. സോഹെബ് ഹുസൈൻ എന്നിവരോടു ചോദിച്ചു.
മൂന്നുവർഷത്തിലേറെയായി തീർപ്പാകാതെ കിടക്കുന്ന പ്രോസിക്യൂഷൻ അപ്പീലുകൾ തള്ളണമെന്ന് ദവെ അഭിപ്രായപ്പെട്ടെങ്കിലും സുപ്രീംകോടതിക്ക് അത് സ്വീകാര്യമായില്ല. തീർപ്പാക്കാൻ വൈകുന്നുവെന്ന കാരണത്താൽമാത്രം ഹർജി തള്ളുന്നത് സ്വാഭാവികനീതിയുടെ ലംഘനമാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസുകൾ അവതരിപ്പിക്കാൻ കക്ഷികൾക്ക് അവസരമില്ലാതാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Content Highlights: Allahabad High Court took 41 years to dispose of a murder case appeal. Supreme Court bench led by Justice Prashant Kumar Mishra expressed concern over judicial delays. The accused, Vijay Singh, spent 43 years on bail while awaiting the appeal verdict. The Supreme Court rejected the idea of dismissing old appeals solely based on delays, citing natural justice.
Published: 10 Jun 2026, 07:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented