ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്ക്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. 

To advertise here,

കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്‌റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി, തിരക്കിലമര്‍ന്ന് വീണ് 15 പേര്‍ക്ക് പരിക്ക് പറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. 

റെയില്‍വേ അധികൃതരും പോലീസും സ്ഥലത്തെത്തി. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സ്റ്റേഷനിലെ കനത്ത തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.