ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ 'ഹോള്‍ഡിങ് ഏരിയ' സജ്ജമാക്കുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ ദാരുണ സംഭവത്തിനുപിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. തിരക്ക് കൂടുന്ന അവസരങ്ങളില്‍ യാത്രക്കാരെ പ്രത്യേകമായി സജ്ജമാക്കിയ ഇടങ്ങളില്‍ കാത്തുനില്‍ക്കാനനുവദിച്ച് നിയന്ത്രിതരീതിയില്‍ ട്രെയിനുകളില്‍ കയറാനനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്.
തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും 'ഹോള്‍ഡിങ് ഏരിയ' സജ്ജമാക്കുക. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന വിശേഷാവസരങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഹോള്‍ഡിങ് ഏരിയകള്‍ പ്രത്യേകമായി സജ്ജമാക്കുന്നത്. ഈ സംവിധാനത്തിലൂടെ ട്രെയിനില്‍ കയറാനുള്ള യാത്രക്കാരുടെ തിക്കും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഡല്‍ഹിയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പയിന് സംഘടിപ്പിച്ച് എല്ലാവരില്‍നിന്നും സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍, ഓട്ടോ-ടാക്സി യൂണിയനുകള്‍, ചുമട്ടുതൊഴിലാളികള്‍, യാത്രക്കാര്‍, പോലീസുകാര്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാം. നിര്‍ദേശങ്ങള്‍ പരിഗണിച്ച് ത്വരിതഗതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ശനിയാഴ്ചയുണ്ടായ അപകടത്തിനുശേഷം പതിവിലേറെ തിരക്കനുഭവപ്പെടുന്ന സ്റ്റേഷനുകളില്‍ 'ഹോള്‍ഡിങ് ഏരിയ'കള്‍ സജ്ജമാക്കുന്നതിനെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതായി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഈ സംവിധാനമൊരുക്കാന്‍ വേണ്ടി വരുന്ന ചെലവ് കണക്കുകൂട്ടിയതിന് ശേഷം ഉടനെതന്നെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബോധവത്കരണ പരിപാടി നടത്തുന്നതിനോടൊപ്പം റെയില്‍വേ മാന്വല്‍ പരിശോധിച്ച് ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്കുള്ള യാത്രക്കാര്‍ക്കായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച അടിയന്തരമായി ഹോള്‍ഡിങ് ഏരിയ സജ്ജമാക്കി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപടകമുണ്ടായത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രയാഗ്രാജിലേക്ക് അനുവദിച്ച രണ്ട് പ്രത്യേക ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴായിരുന്നു തിക്കും തിരക്കും അനുഭവപ്പെട്ടത്. നിരവധി പേര് ബോധരഹിതരാകുകയും ചെയ്തിരുന്നു.
Content Highlights: 60 railway stations to get holding areas to regulate passenger rush
Published: 18 Feb 2025, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented