പട്‌ന: വിദ്യാര്‍ഥിയെ തല്ലിയ അധ്യാപകനെ സ്‌കൂളില്‍ക്കയറി മര്‍ദിച്ച് മാതാപിതാക്കള്‍. ബിഹാറിലെ ഗയയിലാണ് സംഭവം. രാകേഷ് രഞ്ജന്‍ ശ്രീവാസ്തവ എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ വടി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. സംഭവം നിയന്ത്രണാതീതമായതോടെ പോലീസ് ഇടപെടുകയായിരുന്നു. 

To advertise here,

അഞ്ചാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുവരുടെയും വഴക്കുകണ്ട് മൂന്നാമതൊരു വിദ്യാര്‍ഥി, അധ്യാപകനായ രഞ്ജനെ വിവരമറിയിച്ചു. ക്ലാസിലെത്തിയ രഞ്ജന്‍ കുട്ടികള്‍ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കുകയും ഇരുവര്‍ക്കും അടികൊടുക്കുകയും ചെയ്തു. 

രണ്ടുകുട്ടികളും ശാന്തരായെങ്കിലും ഒരാള്‍ സ്‌കൂളില്‍നിന്ന് ഓടിയിറങ്ങിപ്പോയി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിലേക്ക് പാഞ്ഞെത്തി. ശേഷം രാകേഷിനെ അടിക്കുകയും ഇടിക്കുകയും ചെയ്തു. വടികൊണ്ടും മര്‍ദിച്ചു. രഞ്ജനെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ക്കും കുട്ടിയുടെ രക്ഷിതാക്കളുടെ മര്‍ദനമേറ്റു. സ്കൂൾ സംഘര്‍ഷഭരിതമായതോടെ ക്ലാസ് മുറിയില്‍നിന്ന് കുട്ടികൾ ഇറങ്ങിയോടി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. 

സാരമായി പരിക്കേറ്റ രഞ്ജനെയും മറ്റൊരു അധ്യാപകന്‍ ധര്‍മേന്ദ്ര കുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.