ബെംഗളൂരു: ബംഗ്ലാദേശ് ഉള്‍പ്പെടെ ലോകത്തുടനീളമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി രാഷ്ട്രിയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്). അടുത്ത ആഴ്ച ബെംഗളൂരുവില്‍ ചേരുന്ന ആര്‍.എസ്.എസ്. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിലയിരുത്തലുകള്‍. ബെംഗളൂരിവിലെ ഛന്നഹള്ളിയില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് ആര്‍.എസ്.എസ്. സമ്മേളനം നടക്കുന്നത്. 

To advertise here,

ഷെയ്ക്ക് ഹസീന സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഹൈന്ദവര്‍ക്കെതിരേ പരക്കെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തുടനീളം ഹൈന്ദവര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിക്കുകയും, ഇത്തരം ആക്രമണങ്ങളില്‍ സംരക്ഷണമൊരുക്കുന്നതിനുള്ള സംവിധാനങ്ങളും ആര്‍.എസ്.എസ്. വിഭാവനം ചെയ്യുന്നുണ്ട്. കാനഡയില്‍ അടുത്തിടെ ഖലിസ്ഥാന്‍ വാദികളില്‍ നിന്ന് ഹൈന്ദവര്‍ക്ക് ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ദേശീയ പ്രാധാന്യമുള്ള രണ്ട് വിഷയങ്ങളില്‍ അഖില ഭാരതിയ പ്രതിനിധി സഭ (എ.ബി.പി.എസ്) പ്രമേയം പാസാക്കുമെന്നാണ് ആര്‍.എസ്.എസ്. അറിയിച്ചിരിക്കുന്നത്. ഒന്ന് ഹൈന്ദവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ളതാണെന്ന് ആര്‍.എസ്.എസ്. വൃത്തങ്ങള്‍ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും രണ്ടാമത്തേത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളെ സംബന്ധിച്ചായിരിക്കും രണ്ടാമത്തെ പ്രമേയമെന്നാണ് വിലയിരുത്തലുകള്‍. 

ആര്‍.എസ്.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമായാണ് എ.ബി.പി.എസ് കണക്കാക്കുന്നത്. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്,  ദത്താത്രേയ ഹൊസബാലെ എന്നിവര്‍ക്കൊപ്പം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ സ്വീകരിക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ആര്‍.എസ്.എസിന്റെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കേണ്ട പരിപാടികളായിരിക്കും യോഗത്തിന്റെ പ്രധാന പ്രമേയം. അടുത്ത 100 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നും, എന്തൊക്കെയാണ് സംഘടന ലക്ഷ്യമിടേണ്ടതെന്നും ഈ യോഗം വിശദമായി പരിശോധിക്കും. ശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കണമെന്ന് തിരുമാനിച്ചിരുന്ന കാര്യങ്ങളുടേത് ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഈ യോഗത്തില്‍ ചര്‍ച്ചയാകും.