മുംബൈ: പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളാൻ പഴയരീതികൾ മാറ്റണമെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. അന്ധമായി അനുസരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം തുറന്ന സംവാദത്തിലൂടെയും ചർച്ചകളിലൂടെയും യുവാക്കളുമായി സമവായത്തിലെത്താൻ കുടുംബങ്ങളും സമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

To advertise here,

പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യത്തുടനീളം യുവജന പ്രതിഷേധങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് മേഹൻ ഭാഗവതിന്റെ ഈ പ്രസ്താവന. കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാൻ രക്ഷിതാക്കൾ സ്വന്തം അറിവ് വർധിപ്പിക്കണമെന്നും ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ജീവിതശൈലി പിന്തുടരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വിശ്വ മാംഗല്യ സഭ സംഘടിപ്പിച്ച 'ആധുനിക മാതൃത്വം' എന്ന വിഷയത്തിലുള്ള ദേശീയ പ്രബുദ്ധതാ യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവതലമുറ ഉത്തരങ്ങൾ തേടുകയാണെന്നും അവരുമായി സംവാദം, സ്‌നേഹം, അർത്ഥവത്തായ ഇടപഴകൽ എന്നിവ ആവശ്യമാണെന്നും ഭാഗവത് വെള്ളിയാഴ്ച പറഞ്ഞു.

'ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ അത് അനുസരണയുടെ കാലമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നു. നമ്മൾ അവർക്ക് കാര്യങ്ങൾ യുക്തിസഹമായി വിശദീകരിച്ചു കൊടുക്കണം. നമ്മൾ അവർക്ക് ഒരുപാട് സ്‌നേഹം നൽകണം. നമ്മൾ അവർക്കൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. അവരുമായി ആശയവിനിമയം നടത്തണം. ഇന്നത്തെക്കാലത്ത് കുടുംബങ്ങൾക്കുള്ളിൽ പോലും സംഭാഷണങ്ങൾ ഇല്ലാതായിരിക്കുകയാണ്', ആർഎസ്എസ് മേധാവി പറഞ്ഞു.

സ്‌കൂൾ പാഠ്യപദ്ധതിയിൽ ഹിന്ദു പുരാണങ്ങളെയും ദേവന്മാരെയും കുറിച്ചുള്ള അറിവ് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭാഗവത് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഇതിലൂടെ വർത്തമാനകാലത്തെ വെല്ലുവിളികളെ നേരിടാൻ പരമ്പരാഗതമായ അറിവും ആധുനികമായ യുക്തിയും തമ്മിലുള്ള ഒത്തുചേരലിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യർക്ക് ചിന്തിക്കാനുള്ള കഴിവുണ്ടെങ്കിലും ആ ചിന്തയെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് അമ്മമാരാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, കുട്ടികളുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകണമെന്നും, അതിന് തക്കതായ അറിവുകൾ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കണമെന്നും അതിലൂടെ കുട്ടികൾക്ക് നല്ല മാതൃകയായി ജീവിക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഉപദേശങ്ങളേക്കാൾ പ്രവൃത്തികളിലൂടെയാണ് കുട്ടികൾ കൂടുതൽ പഠിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

കുടുംബജീവിതം ശക്തിപ്പെടുത്താനും വീടുകളിൽ അർത്ഥവത്തായ സംഭാഷണങ്ങൾ പുനരുജ്ജീവിപ്പിക്കാനും ആർഎസ്എസ് മേധാവി ആഹ്വാനം ചെയ്തു. ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഇന്ത്യയുടെ നാഗരിക അടിത്തറ ശക്തമാണെന്നും വൈവിധ്യത്തിലെ ഏകത്വമാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ അന്തസത്തയെന്നും ഊന്നിപ്പറഞ്ഞു.

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും അറിവിലും ചരിത്രത്തിലുമൂന്നി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ കുടുംബ മൂല്യങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം സമൂഹത്തോട് അഭ്യർത്ഥിച്ചു. 

പരീക്ഷകളിലെയും നിയമന പ്രക്രിയകളിലെയും ക്രമക്കേടുകൾ ആരോപിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാജ്യത്തുടനീളം പ്രതിഷേധിക്കുന്ന സമയത്താണ് ആർഎസ്എസ് മേധാവിയുടെ ഈ പരാമർശങ്ങൾ വരുന്നത്. നീറ്റ് പേപ്പർ ചോർച്ച വിവാദത്തെത്തുടർന്ന് വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ തലസ്ഥാനത്തടക്കം പ്രതിഷേധങ്ങൾ നടക്കുന്നത്.