ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ. ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ഈ സംയോജിത പദ്ധതി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ക്യാമ്പ്‌ബെൽ ബേയിൽ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതി രാജ്യത്തെ പ്രകൃതിക്കും ഗോത്രവർഗ പൈതൃകത്തിനുമെതിരായ വലിയ കുറ്റകൃത്യമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെടുമെന്നും ദശലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. "വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ വിനാശം" എന്നാണ് രാഹുൽ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈ വിഷയം പാർലമെന്റിൽ ഗൗരവമായി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ലോക വ്യാപാരത്തിന്റെ 25-30 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്കിന് വെറും 150 കിലോമീറ്റർ മാത്രം അകലെയാണ് ഈ പദ്ധതിയെന്ന് ഭദൗരിയ ചൂണ്ടിക്കാട്ടി. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ 75 ശതമാനവും ആശ്രയിക്കുന്നത് ഈ മലാക്ക കടലിടുക്കിനെയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, സമുദ്ര-വ്യോമ മേഖലകളിൽ ഇന്ത്യയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാൻ ഈ ലൊക്കേഷൻ സഹായിക്കും. ശത്രുരാജ്യങ്ങളുടെ നീക്കങ്ങളെ പ്രതിരോധിക്കാനും ഇന്ത്യയുടെ വ്യാപാര പാതകൾ സുരക്ഷിതമാക്കാനും ഇത് അനിവാര്യമാണ്.

പദ്ധതിയുടെ ഭാഗമായി 16.2 ദശലക്ഷം യൂണിറ്റ് കൈകാര്യം ചെയ്യാൻ ശേഷിയുള്ള അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്-ഷിപ്മെന്റ് തുറമുഖവും സിവിലിയൻ-സൈനിക ആവശ്യങ്ങൾക്കായി പ്രത്യേക എൻക്ലേവോടു കൂടിയ ഗ്രീൻഫീൽഡ് വിമാനത്താവളവും നിർമ്മിക്കും. കൂടാതെ, ഗ്യാസും സൗരോർജ്ജവും ഉപയോഗിക്കുന്ന 450 മെഗാവാട്ട് പവർ പ്ലാന്റും 6.5 ലക്ഷം പേരെ ഉൾക്കൊള്ളുന്ന ആധുനിക ടൗൺഷിപ്പും ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്ന ഒരു സ്മാർട്ട് സിറ്റി എന്ന നിലയിലാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.

വനനശീകരണത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ആകെ വനവിസ്തൃതിയുടെ 1.78 ശതമാനം മാത്രമേ ബാധിക്കൂ എന്നും ഭദൗരിയ വ്യക്തമാക്കി. ഗോത്രവർഗവിഭാഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങൾ ഗോത്രവർഗ സമൂഹങ്ങൾക്കും ലഭിക്കുമെന്നും പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.