മുംബൈ: ജെ. ആർ.ഡി. ടാറ്റയുടെ പഴയ സാമ്രാജ്യം സ്റ്റീൽ, രാസവ്യവസായം, തേയില എന്നിങ്ങനെ പ്രധാനമായും വാണിജ്യചരക്കുകളിലായിരുന്നു. എൻജിനിയറിങ് മികവുമായി ടെൽക്കോ വേറിട്ടുനിന്നെങ്കിലും മറ്റൊന്നും അത്തരത്തിലായിരുന്നില്ല. ഉപഭോക്തൃ ഉത്പന്നങ്ങളുടെ കാര്യത്തിൽ ഗ്രൂപ്പ് മുൻനിരയിലായിരുന്നില്ല അപ്പോൾ. ടെക്‌സ്റ്റൈൽ മില്ലുകൾ, ടാറ്റ ഓയിൽ, നെൽക്കോ എന്നിവയ്‌ക്കെല്ലാം വിപണിക്കായി പോരാടേണ്ടി വന്നു.

To advertise here,

ജെ.ആർ.ഡി. ടാറ്റ പിൻഗാമിയായി രത്തനെ തിരഞ്ഞെടുത്തപ്പോൾ തീരുമാനത്തിനെതിരേ കുറ്റപ്പെടുത്തലുകൾ വ്യാപകമായിരുന്നു. 1971-ൽ നെൽകോയുടെ ചുമതല ഏൽപ്പിച്ചെങ്കിലും രത്തന് അത് വിജയത്തിലെത്തിക്കാനായിരുന്നില്ല. ടെലിവിഷൻ നിർമാണത്തിൽ ബി.പി.എൽ., വീഡിയോകോൺ, ഒനിഡ തുടങ്ങിയ പുതുമുഖങ്ങൾ നെൽകോയെ തറപറ്റിച്ചു മുന്നേറി. അതേസമയം, ഉന്നത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ടാറ്റ ഗ്രൂപ്പിന് ഒരു പുതിയ മുഖച്ഛായ സൃഷ്ടിക്കാനുള്ള ദീർഘവീക്ഷണം ഇതിനകം അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തുടക്കം മോശമായിരുന്നു. കംപ്യൂട്ടർ നിർമാണത്തിനായി എലെക്സി, ബയോ ടെക്നോളജിക്കായി പ്ലാന്റെക് തുടങ്ങിയ ഹൈടെക് സംരംഭങ്ങൾ വിദേശത്തു തുടങ്ങാനുള്ള അനുമതി ജെ.ആർ.ഡി. രത്തനു നൽകി. രണ്ടും പരാജയപ്പെട്ടു. കുറ്റപ്പെടുത്തലുകളും പരിഹാസവും കൂടി.

സുമന്ത് മുൾഗോക്കറിനുശേഷം ടെൽക്കോയിൽ രത്തന് ഉയർന്ന ജോലി നൽകിയപ്പോഴും പലരും ദുരന്തമാണ് പ്രതീക്ഷിച്ചത്. താമസിയാതെ വലിയൊരു വെല്ലുവിളി ടെൽക്കോയിൽ ഉയർന്നു. ചിലപ്പോഴൊക്കെ അക്രമത്തിലേക്കു നീങ്ങിയ തൊഴിലാളി നേതാവായിരുന്ന രാജൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന്റെ രൂപത്തിൽ. അക്രമാസക്തരായ ട്രേഡ് യൂണിയൻ നേതാക്കൾ ധാരാളമുണ്ടായിരുന്നതിനാൽ വിട്ടുവീഴ്ച്ച ചെയ്യാൻ പലരും രത്തനെ ഉപദേശിച്ചു. എന്നാൽ, അദ്ദേഹം ഒത്തുതീർപ്പിന് തയ്യാറായില്ല. അവസാനം ദീർഘകാല സമരം പരാജയപ്പെട്ടു. 

ഇതായിരുന്നു രത്തന്റെ ആദ്യത്തെ പ്രധാന ജയം. അതോടെ കളിയാക്കലുകൾ പലതും പ്രശംസകളായി. ചെറുവാണിജ്യ വാഹനങ്ങളുടെ വിപണിയിൽ ടെൽക്കോ പ്രാദേശികമായി വികസിപ്പിച്ചെടുത്ത മോഡലുകൾ ഡി.സി.എം. ടൊയോട്ട, നിസാൻ-ആൽവിൻ, സ്വരാജ് മസ്ദ തുടങ്ങിയ ജപ്പാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയവയെ എല്ലാം പരാജയപ്പെടുത്തി. സാങ്കേതികവിദ്യയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വിജയമായിരുന്നു ഇത്.