ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിത വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചാൽ അവർക്കെതിരേ സംശയത്തിന് ഇടനൽകുമെന്ന് സുപ്രീംകോടതി. ബലാത്സംഗക്കേസ് പ്രതിയെ വെറുതേവിട്ടതിനെതിരേ ഹിമാചൽ പ്രദേശ് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ചത്.

To advertise here,

മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് കാട്ടി പിതാവാണ് പരാതി നൽകിയത്. പെൺകുട്ടിയെ ഹാമിർപുരിലെ റീജണൽ ആശുപത്രിയിലെത്തിച്ചെങ്കിലും മാനസികനില ശരിയല്ലാത്തതിനാൽ സഹകരിച്ചിരുന്നില്ല. പിന്നീട് ധർമശാലയിലെ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി റഫർ ചെയ്തെങ്കിലും പെൺകുട്ടിയുടെ പിതാവ് അതിന് വിസമ്മതിച്ചു.

2007-ൽ നടന്നെന്ന് ആരോപിക്കുന്ന സംഭവത്തിൽ പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതേവിടുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ കേസിൽ പ്രോസിക്യൂഷനെതിരായി മൊഴിമാറ്റിയിരുന്നു.

പിതാവും അവ്യക്തമായ മൊഴികളാണ് നൽകിയിരുന്നത്. പെൺകുട്ടിയോ മാതാപിതാക്കളോ കേസിൽ പൂർണമായി സഹകരിച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പെൺകുട്ടിക്ക് മാനസികനിലയിൽ കുഴപ്പമുണ്ടായിരുന്നില്ലെന്നും വിസ്താരത്തിനിടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രശ്നമുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിലപാട് സുപ്രീംകോടതിയും ശരിവെച്ചു.