ബെംഗളുരു: തന്നെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പോലീസ് മൊഴിയെടുത്തതെന്ന ആരോപണവുമായി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ നടി രന്യ റാവു. റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടി പരാതി ഉന്നയിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ തന്നെ ആവര്‍ത്തിച്ച് മര്‍ദിച്ചും തന്റെ രണ്ടാനച്ഛനായ ഡിജിപി കെ. രാമചന്ദ്ര റാവുവിനെ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയുമാണ് മൊഴികളില്‍ ഒപ്പുവെപ്പിച്ചതെന്ന് രന്യ റാവു പറഞ്ഞു. ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ട രന്യ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ), സിബിഐ, എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഡിജിപി രാമചന്ദ്ര റാവുവിന്റെ പങ്കും പോലീസിന് സംഭവിച്ച വീഴ്ചയും പരിശോധിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെ കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
മാര്‍ച്ച് ആറിനാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് നല്‍കിയ കത്തില്‍ നടി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടി ഗുരുതരആരോപണങ്ങള്‍ ഉന്നയിച്ചത്. അറസ്റ്റ് ചെയ്ത സമയം മുതല്‍ കോടതിയില്‍ ഹാജരാക്കുന്നതുവരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ തന്റെ മൊഴികളെ യാതൊരു വിധത്തിലും ആശ്രയിക്കരുതെന്ന് അവര്‍ എഡിജിയോട് കത്തില്‍ അഭ്യര്‍ത്ഥിച്ചു.
'ദുബായില്‍ നിന്ന് വരുമ്പോള്‍ തന്റെ പക്കല്‍ 14 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയെന്നാരോപിച്ച് എനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വ്യാജ കേസുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഈ വിഷയത്തില്‍ എന്റെ നിരപരാധിത്വം വിശദീകരിക്കാന്‍ പോലും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്നെ അനുവദിച്ചില്ല. അവര്‍ എന്നെ വിമാനത്തിനുള്ളില്‍ നിന്ന് പിടികൂടി. അറസ്റ്റ് ചെയതത് മുതല്‍ കോടതിയില്‍ ഹാജരാക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ എന്റെ മുഖത്ത് പത്തോ പതിനഞ്ചോ തവണ അടിച്ചു. അവരെ കണ്ടാല്‍ തിരിച്ചറിയും.' രന്യ റാവു കത്തില്‍ ആരോപിച്ചു.
'എന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിച്ചിട്ടും അവര്‍ തയ്യാറാക്കിയ മൊഴികളില്‍ ഒപ്പിടാന്‍ ഞാന്‍ വിസമ്മതിച്ചു. കടലാസുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇതില്‍ പങ്കില്ലെന്ന് അറിയാമെങ്കിലും എന്റെ പിതാവിന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. കടുത്ത സമ്മര്‍ദ്ദം മൂലവും ശാരീരികമായി ആക്രമിക്കപ്പെട്ടതിനാലുമാണ്, ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം കൊണ്ടുമാത്രം ടൈപ്പ് ചെയ്ത 60-ഓളം പേജുകളിലും 40 വെള്ളക്കടലാസുകളിലും ഞാന്‍ ഒപ്പുവെച്ചത്.' രന്യ പറഞ്ഞു.
മാര്‍ച്ച് മൂന്ന് വൈകീട്ട് 6.45 ന് അറസ്റ്റ് ചെയ്ത തന്നെ മാര്‍ച്ച് നാലിന് വൈകീട്ട് 7.50 നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ സമയം തന്നെ ശരിയായ രീതിയില്‍ ആഹാരം കഴിക്കാനോ ഉറങ്ങാനോ ഉദ്യോഗ്ഥര്‍ സമ്മതിച്ചില്ലെന്നും അവര്‍ മനപ്പൂര്‍വം തനിക്ക് ഉറക്കം നിഷേധിക്കുകയായിരുന്നുവെന്നും നടി ആരോപിച്ചു.
മൊഴിപ്പകര്‍പ്പുകളിലെയും മറ്റ് രേഖകളിലേയും തന്റെ ഒപ്പുകള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതാണെന്ന് നടി ആവര്‍ത്തിക്കുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റായി പ്രതിചേര്‍ത്തതാണെന്നും നടി പറഞ്ഞു. തിരച്ചില്‍ നടത്തിയിട്ട് തന്റെ പക്കല്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചില യാത്രക്കാരെ രക്ഷിക്കാന്‍ വേണ്ടി തന്നെ പ്രതിചേര്‍ക്കുകയായിരുന്നുവെന്നും നടി ആരോപിച്ചു.
മാര്‍ച്ച് നാലിന് കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ കാറില്‍ വെച്ച് തന്നെ ഉദ്യോഗസ്ഥര്‍ വീണ്ടും ഭീഷണിപ്പെടുത്തിയെന്നും മര്‍ദനത്തെ കുറിച്ച് ജഡ്ജിയോട് എന്തെങ്കിലും പറഞ്ഞാല്‍ പിതാവിനെ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.
ജാമ്യാപേക്ഷയിലും ഈ മര്‍ദന വിവരങ്ങള്‍ നടി വെളിപ്പെടുത്തിയിരുന്നെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി നടിക്ക് ജാമ്യം നല്‍കാന്‍ തയ്യാറായില്ല.
Content Highlights: Actress Ranya Rao Accuses DRI Officers of Assault
Published: 15 Mar 2025, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented