To advertise here,

അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തെത്തുടർന്ന് നിരവധി യാത്രക്കാരാണ് യുഎഇയിൽ പ്രതിസന്ധിയിലായത്. വിമാന സർവീസ് റദ്ദാക്കലിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ നടി സൊണാൽ ചൗഹാനും കായികതാരം പി.വി. സിന്ധുവും ഉൾപ്പെടുന്നു. സോഷ്യൽമീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടിയന്തര സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് സൊണാൽ ചൗഹാൻ.

സാമൂഹികമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് താരം തന്റെ അവസ്ഥ അറിയിച്ചത്. വിമാന സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാതെ നിർത്തിവെച്ചവെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട്, ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താൻ സർക്കാർ മാർഗനിർദേശങ്ങളും പിന്തുണയും നൽകണമെന്നും നടി കുറിച്ചു.

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി @Narendramodi ജി, നിലവിലെ പ്രതിസന്ധിക്കിടയിൽ ഞാൻ ദുബായിൽ കുടുങ്ങിയിരിക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യയിലേക്ക് തിരിച്ചെത്താൻ വ്യക്തമായ വഴിയൊന്നും ലഭ്യമല്ല. സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ സർക്കാർ മാർഗനിർദ്ദേശങ്ങളും പിന്തുണയും തേടുകയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ഏത് സഹായത്തിനും സുരക്ഷിതമായ തിരിച്ചുവരവിനുള്ള മാർഗനിർദേശങ്ങൾക്കും ഞാൻ വളരെ കടപ്പെട്ടിരിക്കും, അവർ എഴുതി.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ നിരവധി യാത്രക്കാരിൽ ഒരാളാണ് സൊണാൽ ചൗഹാൻ. പെട്ടെന്നുണ്ടായ വിമാനസർവീസ് റദ്ദാക്കലിൽ യാത്രക്കാർ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ തിരക്കേറിയ ടെർമിനലുകളും ആശങ്കാകുലരായ യാത്രക്കാരെയും കാണാം, വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

ഒളിമ്പിക് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ടെർമിനലിനുള്ളിലെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, അറിയിപ്പ് ലഭിക്കുന്നത് വരെ എല്ലാ വിമാനങ്ങളും നിർത്തിവെച്ചതായി സിന്ധു ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അറിയിച്ചു.

നിലവിൽ, സാധാരണ വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലായിരുന്നു.

താൻ ഇപ്പോൾ സുരക്ഷിതയാണെന്നും അതേക്കുറിച്ച് തിരക്കിയവരോട് നന്ദിയുണ്ടെന്നും പി.വി. സിന്ധു കുറിപ്പിലൂടെ പറഞ്ഞു. പ്രതിസന്ധി തുടരുകയാണെന്നും മണിക്കൂർ കഴിയുന്തോറും സാഹചര്യം കൂടുതൽ ഭയപ്പെടുത്തുന്നതായി മാറുകയാണെന്നും അവർ കുറിച്ചു. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്, ഞങ്ങൾ വിമാനത്താവളത്തിൽ അഭയം തേടിയിരുന്ന സ്ഥലത്തിനടുത്ത് ഒരു സ്‌ഫോടനം നടന്നു. പുകയും അവശിഷ്ടങ്ങളും ഏറ്റവും അടുത്താണ് സംഭവിച്ചത്. എന്റെ പരിശീലകന് ആ പ്രദേശം വിട്ട് വേഗത്തിൽ ഓടേണ്ടി വന്നു. ഞങ്ങളെ പിരിമുറുക്കത്തിലാക്കുന്നതും ഭയപ്പെടുത്തുന്നതുമായ നിമിഷമായിരുന്നു അത്. ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരുടെയും ദുബായ് അധികൃതരുടെയും പ്രവർത്തനങ്ങൾക്ക് നന്ദി, ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്. ദുബായിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഞങ്ങളെ സുരക്ഷിതരാക്കുന്നതിൽ വലിയ ശ്രമം നടത്തി. അവരുടെ അവിശ്വസനീയമായ പിന്തുണയ്ക്കും നിരന്തരമായ സഹായത്തിനും പ്രത്യേകം നന്ദി പറയുന്നു. ഇപ്പോൾ, ഞങ്ങൾ കാര്യങ്ങൾ സാധാരണനിലയിലാകുന്നതിനായി കാത്തിരിക്കുകയാണ്. പ്രതീക്ഷ നിലനിർത്താനും ശ്രമിക്കുന്നു, പിവി സിന്ധു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തുറന്നെഴുതി.