ന്യൂഡല്‍ഹി: റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നതിനോടൊപ്പം സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ചട്ടങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നു. സമയനിഷ്ഠ മുതല്‍ മറ്റു പല വിഷയങ്ങളും ഇവയിലുള്‍പ്പെടും. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ നീക്കം. നേരത്തെ സ്റ്റേഷനുകളിലെത്തുന്ന ട്രെയിനുകള്‍ക്കും വൈകിയെത്തുന്ന ട്രെയിനുകള്‍ക്കും പിഴ നല്‍കേണ്ടി വരും. സ്വകാര്യട്രെയിനുകള്‍ 95 ശതമാനം സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ പിഴവരും
സ്വകാര്യട്രെയിനുകളുടെ വരുമാനത്തെ സംബന്ധിക്കുന്ന കൃത്യമായ കണക്ക് സര്‍ക്കാരിന് നല്‍കണമെന്നാണ് നിലവിലെ ചട്ടം. സ്വകാര്യട്രെയിനുകളുടെ യഥാര്‍ഥവരുമാനം കണക്കുകൂട്ടിയതില്‍ നിന്ന് ഒരു ശതമാനമെങ്കിലും അധികമായാല്‍ ആ തുകയുടെ പത്തുമടങ്ങ് പിഴയിനത്തില്‍ നല്‍കേണ്ടി വരും. സ്വകാര്യവത്ക്കരണം സംബന്ധിച്ച് ബുധനാഴ്ച നടന്ന രണ്ടാം വട്ട ചര്‍ച്ചയ്ക്കിടെയാണ് റെയില്‍വെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഉറപ്പുനല്കേണ്ടുന്ന 95 ശതമാനം സമയനിഷ്ഠയില്‍ വരുത്തുന്ന ഒരു ശതമാനം പിഴവിന് ഓരോ കിലോമീറ്ററിനും 512 രൂപ വീതം സ്വകാര്യട്രെയിനുകള്‍ നല്‍കേണ്ടി വരും. റെയില്‍വെയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് നല്കുന്ന തുകയായാണ് ഇത് ഈടാക്കുന്നത്. പത്ത് മിനിറ്റ് മുമ്പ് നിശ്ചിത സ്റ്റേഷനിലെത്തിച്ചേരുന്ന സ്വകാര്യ ട്രെയിനുകള്‍ 10 കിലോമീറ്ററിന്റെ ചാര്‍ജ് നല്‍കേണ്ടി വരും.
റെയില്‍വെയുടെ ഉത്തരവാദിത്തം മൂലമാണ് സ്വകാര്യട്രെയിനുകളുടെ സര്‍വീസിന് പിഴവ് സംഭവിക്കുന്നതെങ്കില്‍ ഒരു ശതമാനം പിഴവിന് ബദലായി 50 കിലോമീറ്റര്‍ ദൂരത്തിന് സമാനമായ തുക റെയില്‍വെ സ്വകാര്യകമ്പനികള്‍ക്ക് നല്‍കണം. സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ഒരു സര്‍വീസിന് നല്കേണ്ടുന്നതിന്റെ നാലിലൊന്ന് തുകയും സ്വകാര്യകമ്പനി നല്‍കണം.
സര്‍വീസ് റദ്ദാക്കല്‍ ഒരു മാസത്തിലധികം നീളുകയാണെങ്കില്‍ സര്‍വീസിന്റെ മുഴുവന്‍ തുകയും സ്വകാര്യകമ്പനി നല്‍കേണ്ടി വരും. എന്നാല്‍ റെയില്‍വെയുടെ പിഴവുമൂലമാണ് മേല്‍പ്പറഞ്ഞ സംഭവിക്കുന്നതെങ്കില്‍ റെയില്‍വെ ഒരു തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുന്നതല്ല. മറ്റേതെങ്കിലും കാരണത്താലാണ് യാത്രതടസ്സം നേരിടുന്നതെങ്കില്‍ യാതൊരു പിഴയും പരസ്പരം നല്‍കേണ്ടതില്ല.
സ്വകാര്യസര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച 23 കമ്പനികളാണ് രണ്ടാംവട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്വകാര്യകമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാനദിവസം സെപ്റ്റംബര്‍ എട്ടാണ്. എല്‍ & ടി, സീമെന്‍സ്, ബോംബാര്‍ഡിയര്‍, സിഎഎഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ കമ്പനികള്‍ സ്വകാര്യ ട്രെയിന്‍ സര്‍വീസ് നടത്താനുള്ള ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..