ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതിനെതിരേ വിമർശനം. സെപ്റ്റംബര്‍ ഒമ്പതിനും പത്തിനുമായി പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത മണ്ഡപത്തില്‍നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് സെപ്റ്റംബര്‍ ഒമ്പത് ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കുന്നത്. രാഷ്ട്രപതിഭവനാണ് ക്ഷണക്കത്ത് അയച്ചത്.

To advertise here,

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തെത്തിയത്. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളിൽ 'ഭാരതം, ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്ന് വായിക്കാമെന്ന് ജയ്‌റാം രമേശ് ട്വീറ്റുചെയ്തു. 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' പോലും ഇപ്പോൾ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി 'ഇന്ത്യ'യില്‍നിന്ന് 'ഭാരതി'ലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം പാസാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റും ഈ അഭ്യൂഹത്തിന് ബലംനല്‍കുന്നു. റിപ്പബ്ലിക്ക് ഓഫ് ഭാരത്- നമ്മുടെ സംസ്‌കാരം അമൃത് കാലത്തിലേക്ക് ധൈര്യസമേതം മുന്നേറിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ഹിമന്ത ശര്‍മയുടെ ട്വീറ്റ്.

കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനെതിരെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രംഗത്തെത്തി. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രാഷ്ട്രീയ തീര്‍ഥയാത്ര നടത്തുന്നവര്‍ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്നത്? കോണ്‍ഗ്രസ് രാജ്യത്തെയോ ഭരണഘടനയേയോ ബഹുമാനിക്കുന്നില്ല. ഒരു കുടംബത്തെ പ്രശംസിക്കുക മാത്രമേ ലക്ഷ്യമുള്ളൂ. കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ- ഭരണഘടനാവിരുദ്ധ ഉദ്ദേശങ്ങളെ രാജ്യത്തിനറിയാമെന്നും ജെ.പി. നദ്ദ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.