ശ്രീനഗര്‍: കശ്മീരിലെ വേദിയില്‍ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യത്വത്തിനും പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗത്തിനുപോലും പാകിസ്താന്‍ എതിരാണെന്നും ഇന്ത്യയില്‍ കലാപം ഉണ്ടാക്കാനാണ് പാകിസ്താന്‍ പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പദ്ധതിയിട്ടതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. 

To advertise here,

എന്നാല്‍, ഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാകിസ്താന്‍ ഒരിക്കലും കരുതിയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിലെ കത്രയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപാലമായ ചെനാബ് പാലത്തിന്റെയും പുതിയ റെയില്‍പാതയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി കശ്മീരിലെത്തി പങ്കെടുത്ത ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനെതിരേ ആഞ്ഞടിച്ചത്. 

പാകിസ്താന്‍ മനുഷ്യത്വത്തിന് എതിരാണ്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഇതിന് ഉദാഹരണമാണ്. മനുഷ്യത്വത്തെയും കശ്മീരിന്റെ സാമുദായിക ഐക്യത്തെയുമാണ് പാകിസ്താന്‍ ആക്രമിച്ചത്. ഇന്ത്യയില്‍ കലാപമുണ്ടാക്കുകയും കഠിനാധ്വാനികളായ കശ്മീരികളുടെ വരുമാനം മുടക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് പാകിസ്താന്‍ കശ്മീരിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിച്ചത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായ ടൂറിസത്തെയാണ് അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ഇന്ത്യ ഇത്രയും ആഴത്തില്‍ തിരിച്ചടി നടത്തുമെന്ന് പാകിസ്താന്‍ ഒരിക്കലും കരുതിയിരുന്നില്ല. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ അവശിഷ്ടങ്ങളായി മാറി. അതിനുശേഷം പാകിസ്താന്‍ കശ്മീരിലെ വീടുകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നേരേ ആക്രമണം നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായുള്ള നിയമന ഉത്തരവുകള്‍ നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും വീടുകള്‍ക്ക് ചെറിയ കേടുപാടുകളുണ്ടായവര്‍ക്ക് ഒരുലക്ഷം രൂപയുടെയും സാമ്പത്തികസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നേരത്തേ നല്‍കിയ നഷ്ടപരിഹാരത്തിന് പുറമേയാണ് ഈ അധികസഹായമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.