ന്യുഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി പി.ആര് രാജീവാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വില വര്‍ധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്സ്മാന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്കൃത സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ ഓംബുഡ്സ്മാന് ശുപാര്‍ശ ചെയ്തത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 40 രൂപയ്ക്ക് ഉണ്ണിയപ്പം വില്ക്കുമ്പോള് 25 രൂപ അസംസ്കൃത വസ്തുക്കള്‍ക്കും നിര്‍മാണ ചെലവുകള്‍ക്കുമായി നല്‍കണമെന്നും 15 രൂപ മുതല്‍ക്കൂട്ടായി നീക്കിവെക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡ് ഈ അനുപാതം മാറ്റി 22 രൂപ അസംസ്കൃത വസ്തുകള്‍ക്കും നിര്‍മാണ ചെലവുകള്‍ക്കും നീക്കിവെക്കണമെന്നും 18 രൂപ മുതല്‍ക്കൂട്ടായി മാറ്റിവെക്കണമെന്നും ആക്കി.
നേരത്തെ 30 രൂപയ്ക്ക് ഉണ്ണിയപ്പം വിറ്റിരുന്നപ്പോള്‍ മുതല്‍ക്കൂട്ടായി മാറ്റിവെക്കുന്ന തുക 10 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 18 രൂപയായി ഉയര്‍ന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഏതാണ്ട് 80 ശതമാനം വര്‍ദ്ധനവ് ആണ് ഈ വകയില്‍ ഉണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന് സുവിധത്ത് സുന്ദരം ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.
Content Highlights: petition filed at SC against unniyappam price hike in kottarakkara ganapathi temple
Published: 07 Oct 2023, 02:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented