ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ചയാരംഭിക്കും. ഇരുസഭകളെയും അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളില്‍ നടക്കും. തുടര്‍ന്ന്, രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തികസര്‍വേ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ വെക്കും. സമ്പൂർണബജറ്റ് ശനിയാഴ്ച അവതരിപ്പിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13-ന് അവസാനിക്കും. വഖഫ് ഭേദഗതി, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് തുടങ്ങിയ 62 ബില്ലുകളാണ് ഇക്കുറി ഇരുസഭകളിലുമായി പരിഗണനയിലുള്ളത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ഇരുസഭകളും ചര്‍ച്ചചെയ്ത് പാസാക്കും.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നു. വഖഫ് ഭേദഗതിബില്‍ പരിശോധിച്ച സംയുക്ത പാര്‍ലമെന്ററിസമിതിയില്‍ (ജെ.പി.സി.) പക്ഷപാതപരമായ നടപടികളാണുണ്ടായതെന്ന് പ്രതിപക്ഷം യോഗത്തില്‍ ആരോപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം, കര്‍ഷകപ്രശ്‌നങ്ങള്‍, മഹാകുംഭമേളയിലുണ്ടായ ദുരന്തം, പി.എഫ്. ഉയര്‍ന്ന പെന്‍ഷന്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, കിരണ്‍ റിജിജു, ജെ.പി. നഡ്ഡ, അര്‍ജുന്‍ രാം മേഘ്വാള്‍, എല്‍. മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.
എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജയറാം രമേശ്, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ് (കോണ്‍ഗ്രസ്), ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലിംലീഗ്), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.), ജോണ്‍ ബ്രിട്ടാസ് (സി.പി.എം.), പി. സന്തോഷ് കുമാര്‍ (സി.പി.ഐ.), കെ. ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ്) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: parliament budget session to begin today
Published: 31 Jan 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented